കുവൈത്ത് വിമാനത്താവളം ഇറാൻ ആക്രമണം ;56 പേർക്ക്പരിക്ക്, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്ക് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒന്നാം ടെർമിനലിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി. കുവൈത്തിലേക്കുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
കുവൈത്തിലേക്കുള്ള വിമാനങ്ങൾ അടുത്ത രാജ്യങ്ങളുടെ വിമാനത്താവളങ്ങളിലേക്കാണ് തിരിച്ചു വിട്ടത്. ഇന്ന് പുറപ്പെടാനുള്ള പല വിമാനങ്ങളും പുറപ്പെട്ടിട്ടില്ല. ബുധനാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 393 വിമാനം പാതി വഴിയിൽവെച്ച് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്നു വിമാനത്താവളത്തിലെ സൗകര്യങ്ങളിലും പ്രവർത്തന സംവിധാനങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങൾ സാങ്കേതിക സംഘം പരിശോധിച്ച് വരികയാണ്.പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജമാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി1 ടെർമിനൽ ജൂൺ 1നാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചിരുന്നു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

