By Lekshmi.04 Dec, 2022
ടെഹ്‌റാന്‍: മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കി ഇറാന്‍. നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു.പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭത്തിനൊടുവിലാണ് ഇറാന്‍ ഭരണാധികാരികള്‍ മതകാര്യ പോലീസിനെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
എന്നാൽ ഇരുനൂറിലധികം പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.മതകാര്യ പോലീസിനെ പിന്‍വലിച്ചതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ജനങ്ങളുടെ പെരുമാറ്റരീതികള്‍ ഭരണസംവിധാനം കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഹ്‌സ അമീനിയുടെ മരണത്തിനു ശേഷം ഇറാനില്‍ മതകാര്യ പോലീസിന്റെ സാന്നിധ്യം ഏറെക്കുറെ ഇല്ലാതായിരുന്നു.ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് മതകാര്യ പോലീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്.സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ഷ്‌കര്‍ഷിക്കുന്ന നിയമത്തില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് രാജ്യത്തെ നിയമസംവിധാനങ്ങളുമായി കൂടിയാലോചന നടക്കുകയാണെന്ന് അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു.