By Greeshma.12 Mar, 2023
മുംബൈ: മുംബൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഇരുമ്പ് പൈപ്പ് വീണ് അമ്മയും മകളും മരണപ്പെട്ടു. ഷമ ഷെയ്ഖ് (29) മകള്‍ ആയത് (8) എന്നിവരാണ് മരിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കൂളില്‍ നിന്ന് ആയതിനെ വിളിച്ചു കൊണ്ട് വരുമ്പോള്‍ ജോഗേശ്വരി ഈസ്റ്റില്‍ ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് സംഭവം നടന്നത്. പണി നടക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് ഇരുമ്പ് പൈപ്പ് താഴെ നടന്നുവരികയായിരുന്ന ഷമയുടെയും ആയതിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു.അതുവഴി പോവുകയായിരുന്ന ഓട്ടോ റിക്ഷയും താഴേക്ക് പതിച്ച ഇരുമ്പ് പൈപ്പ് തകര്‍ത്തു. അശ്രദ്ധയ്ക്ക് ഉടന്‍ കേസെടുക്കുമെന്ന് ജോഗേശ്വരി പൊലീസ് അറിയിച്ചു.
നിര്‍മ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യകതകള്‍ സംബന്ധിച്ച് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ബോംബെ ഹൈക്കോടതി ബിഎംസിയോട് നിര്‍ദ്ദേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവമുണ്ടായത്. ഷമയും ഭര്‍ത്താവ് ആസിഫും പ്രതാപ് നഗറിലാണ് താമസിക്കുന്നത്.മകള്‍ ആയതിനെ കൂടാതെ ഇരുവര്‍ക്കും നാല് വയസുകാരനായ ഒരു മകന്‍ കൂടിയുണ്ട്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആയത്തിനെ കൂട്ടിക്കൊണ്ടുവരാന്‍ ഷമ ദിവസവും സ്‌കൂളിലേക്ക് നടന്നു പോകാറാണ് പതിവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ശനിയാഴ്ച സ്റ്റേഷന്‍ റോഡിലെ നിര്‍മാണത്തിലിരിക്കുന്ന എയിം പാരഡൈസ് കെട്ടിടത്തിന്റെ സമീപത്ത് കൂടെ ഇരുവരും കടന്നുപോകുമ്പോഴാണ് പൈപ്പ് വീണത്. രക്തത്തില്‍ കുളിച്ച് നിലയിലായിരുന്നു ഇരുവരുമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓട്ടോ ഡ്രൈവര്‍മാര്‍ ഇരുവരെയും ബാലാസാഹെബ് താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.