Thursday 28 September 2023




രാജ്യത്ത് ആത്മഹത്യ നിരോധിച്ച് കിം; രഹസ്യ ഉത്തരവ് പുറത്തിറക്കി

By priya.10 Jun, 2023

imran-azhar

 

സിയോള്‍: രാജ്യത്ത് ആത്മഹത്യ നിരോധിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കിയാണ് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

തങ്ങളുടെ അധികാര പരിധിയില്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് തടയണമെന്നും പ്രതിരോധിക്കണമെന്നുമാണ് കിം സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിരിക്കുന്നത്.

 

രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍ സാമ്പത്തിക പ്രാരാബ്ധം കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

ഉന്നത അധികാരികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെന്നുമാണ് റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരകൊറിയയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതായാണ് ദക്ഷിണ കൊറിയന്‍ രഹസ്യ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് ആത്മഹത്യകള്‍ വര്‍ധിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണി മൂലമുള്ള മരണം മൂന്ന് മടങ്ങായെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

 

ഈ വര്‍ഷം ചോംഗ്ജിന്‍ സിറ്റിയിലും ക്യോംഗ്‌സോംഗ് കൗണ്ടിയിലും മാത്രമായി 35 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്.പട്ടിണി മരണത്തേക്കാളും സാമൂഹ്യാഘാതം സൃഷ്ടിക്കുന്നതാണ് ആത്മഹത്യയെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

 

ആത്മഹത്യാ തടയല്‍ മാനദണ്ഡങ്ങള്‍ ജനറല്‍ സെക്രട്ടറി രൂപീകരിച്ചതായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട്. മിക്ക ആത്മഹത്യകളും പട്ടിണിയും ദാരിദ്ര്യവും മൂലമായതിനാല്‍ പെട്ടന്ന് പരിഹാരം കാണുക അസാധ്യമെന്നാണ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നത്.

 

അടുത്തിടെ പട്ടിണി സഹിക്കാനാവാതെ 10വയസുകാരന്‍ ആത്മഹത്യ ചെയ്തതോടെയാണ് കിമ്മിന്റെ ശ്രദ്ധയില്‍ വന്നതോടെയാണ് പുതിയ തീരുമാനം.