By Greeshma Rakesh.25 Mar, 2023
നാദാപുരം: പാതിരാത്രിക്കു ശേഷം യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം വീട്ടില്‍ കയറി ആക്രമിച്ചു. യുവാവിനൊപ്പം യുവതിക്കും മര്‍ദനത്തില്‍ പരുക്കേറ്റു. കണ്ണൂര്‍ കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിനാണ് (29) നാദാപുരം പാറക്കടവ് റോഡിലെ വീട്ടില്‍വെച്ച് മര്‍ദനമേറ്റത്.
ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേരോട് സ്വദേശികളായ 20 പേര്‍ക്കെതിരെ, വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് നാദാപുരം പൊലീസ് കേസെടുത്തു. വിശാഖിനു കൈകാലുകള്‍ക്കും തലയ്ക്കും ഗുരുതരമായ പരുക്കുണ്ട്.അതെ സമയം യുവതിക്ക് കാര്യമായ പരിക്ക് പറ്റിയിട്ടില്ല.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം. വിവാഹിതയായ യുവതിയുടെ വീട്ടില്‍ വിശാഖ് എത്തിയ വിവരം ആരോ ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്ന് ഒരു കൂട്ടം യുവാക്കള്‍ എത്തി ഇരുവരെയും മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയത്തു യുവതിയുടെ രണ്ടു കുട്ടികളും വീട്ടിലുണ്ടായിരുന്നു.
ഇരുമ്പ് പൈപ്പുകളും ഹോളോ ബ്രിക്‌സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ ആക്രമിച്ചതെന്നു വിശാഖ് പറഞ്ഞു. അക്രമിസംഘത്തിലെ മുഹമ്മദ് സാലി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. യുവതിയില്‍ നിന്നു പൊലീസ് മൊഴിയെടുത്തു.