കെ എസ് ആർ ടി സി സ്ത്രീകൾക്കുള്ള സൗജന്യയാത്ര;ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി. ഏഴ് വിഭാഗം ബസ്സുകളിലാണ് സൗജന്യയാത്ര ലഭിക്കുക. സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ എന്നിവയിൽ സൗജന്യം അനുവദിക്കും. . സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ സർവീസുകൾ മുതൽ മുകളിലോട്ടുള്ള മറ്റ് എല്ലാ സൂപ്പർ ക്ലാസ് സർവീസുകൾ, ഉത്സവകാല സ്‌പെഷ്യൽ സർവീസുകൾ, വീക്ക് എൻഡ് അഡീഷണൽ സർവീസുകൾ, ബി.റ്റി.സി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിൽ സൗജന്യയാത്ര അനുവദനീയമല്ല.സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർവഹിക്കുന്നത്. ആദ്യ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും ഗതാഗതമന്ത്രി സിപി ജോൺ പറഞ്ഞു. 8.30ന് ശേഷമായിരിക്കും സ്ത്രീകൾക്കു സൗജന്യമായി യാത്ര ചെയ്യാൻ കഴിയുക.മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടെ കുറച്ചു ദൂരം ആദ്യ സർവീസിൽ യാത്ര ചെയ്യും. പ്രത്യേകം കാർഡുകളോ സർട്ടിഫിക്കറ്റുകളോ റജിസ്ട്രേഷനോ ഒന്നും ആവശ്യമില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യം ലഭിക്കും. ആദ്യഘട്ടത്തിൽ 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബാധ്യത കെഎസ്ആർടിസിയുടെ ചുമലിൽ വയ്ക്കില്ല. സർക്കാർ ഗ്രാന്റായി പണം നൽകും. ഏകദേശം രണ്ടു കോടിയിലധികം രൂപ പ്രതിദിനം ഇതിനായി വേണ്ടിവരും. ചെലവുകൾ കൃത്യമായി അറിയാൻ എല്ലാ സ്ത്രീകൾക്കും സീറോ ടിക്കറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി ധനപരമായി നഷ്ടമാണെന്നു തോന്നുമെങ്കിലും സ്ത്രീകൾ മിച്ചംവയ്ക്കുന്ന പണം വിപണിയിലേക്കു തന്നെ എത്തുന്നത് സാമ്പത്തികരംഗത്തിനു നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. പരസ്യങ്ങൾ നൽകുകയും ബസുകൾക്കായി സ്പോൺസർഷിപ്പ് സ്വീകരിക്കുകയും ചെയ്യും. ഇപ്പോഴുള്ള 58 ഗ്രാമവണ്ടികൾ 500 ആക്കി ഉയർത്തും. ഡിപ്പോകൾ കേന്ദ്രീകരിച്ച് വികസനസമിതി രൂപീകരിക്കുന്ന കാര്യവും ചർച്ചയിലുണ്ട്. സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
പത്തു വർഷം മുൻപ് സ്വകാര്യ ബസുകൾ ഉൾപ്പെടെ 30000 ബസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പതിനായിരത്തിൽ താഴെയാണ്. സ്വകാര്യബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അവരോട് ഒരു ശത്രുതയുമില്ല. അവരെ നശിപ്പിക്കുക എന്നുള്ള ലക്ഷ്യം കെഎസ്ആർടിസിക്കോ ഗവൺമെന്റിനോ ഇല്ല. ഒപ്പം തിരിച്ചും പാടില്ലെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി റൂട്ട് റിസർച്ച് നടത്തി ആ റൂട്ടുകളിലേക്കു സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

