By Greeshma.04 Mar, 2023
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് ഒരുമാസം രണ്ടുകോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അധികസെസ് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് സമ്മതിച്ച കെഎസ്ആര്‍ടിസി ഈ വിഷയം ധനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഒരുദിവസം 3,30,000 ലീറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക്
വേണ്ടത്. ഇനി ഇന്ധനസെസ് കൂടിവരുമ്പോള്‍ ഇതിന് ഒരു ദിവസം 6.60 ലക്ഷം രൂപ അധികം നല്‍കേണ്ടിവരും.
ഈ സാഹചര്യത്തില്‍ ഏപ്രില്‍ മുതല്‍ പ്രതിമാസം 2 കോടി രൂപ വീതം അധികം കണ്ടെത്തണം. പ്രതിമാസം ശരാശരി 100 കോടി രൂപയാണ് കോര്‍പറേഷന്‍ ഇന്ധനം വാങ്ങാന്‍ ചെലവഴിക്കുന്നത്. ഇന്ധനസെസ് പ്രതികൂലമായി ബാധിക്കുമെന്ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ഗതാഗതമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ഇലക്ട്രിക്, സിഎന്‍ജി ബസുകള്‍ നിരത്തിലിറക്കിയാലേ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ഇതിനും സര്‍ക്കാര്‍ ധനസഹായം ആവശ്യമാണ്.