Kaumudi Plus

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം ;പോക്സോ കേസിൽ പെൺകുട്ടിയുടെ ഭർത്താവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം ;പോക്സോ കേസിൽ പെൺകുട്ടിയുടെ ഭർത്താവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
X

കൊച്ചി: കുംഭമേളയിലൂടെ വൈറൽ ആയ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു . ഒരു മാസത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് നടപടി. തുടർ നടപടികൾക്കായി ഫർമാന് മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. പെൺകുട്ടിയും ഫർമാനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റിയിരുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ഭർത്താവിനെതിരെ പട്ടികജാതി -വർഗ പീഡന നിരോധനം, പോക്സോ നിയമപ്രകാരം മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. എന്നാൽ, താൻ പ്രായപൂർത്തിയായ ആളാണെന്നും വിവാഹ സമയം 18 വയസ് പൂർത്തിയായിരുന്നെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.

ഇതിന് സാധുവായ രേഖകളും ഇവർ കാണിച്ചിരുന്നു.മധ്യപ്രദേശ് പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. മധ്യപ്രദേശിലെ മുഴുവൻ സംസ്ഥാന സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നുമായിരുന്നു പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. വാദത്തിനിടെ ദമ്പതികൾ കേരളത്തിലായത് ഭാഗ്യമെന്ന് ജഡ്ജി നിരീക്ഷിച്ചപ്പോൾ ഇവർ ജീവനോടെയിരിക്കുന്നതിന് ഒരേയൊരു കാരണം അതുമാത്രമാണെന്നായിരുന്നു അഭിഭാഷകന്റെ വാദം.

പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് രേഖകളിൽ തിരുത്തൽ വരുത്തിയെന്നും ജനന റജിസ്ട്രാർക്ക് മുന്നിൽ പെൺകുട്ടി തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും മധ്യപ്രദേശ് പൊലീസ് വാദിച്ചു. നിലവിൽ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമെന്നും സമർപ്പിക്കപ്പെട്ട സർട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഇവരുടെ വിവാഹം ഒരു ക്ഷേത്രത്തിൽ വച്ചാണ് നടന്നതെന്നും ഇത് കൃത്യമായ മതാചാരപ്രകാരമല്ല നടന്നതെന്നും അതിനാൽ തന്നെ വിവാഹത്തിന് നിയമസാധുതയില്ലെന്നും റജിസ്റ്റർ ചെയ്ത വിവാഹവും നിയമപരമായി നിലനിൽല്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ കേസിൽ ഒരു ഇരയായി കണ്ട് ആവശ്യമായ സംരക്ഷണം നൽകാൻ തയ്യാറാണെന്നും മധ്യപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

Next Story
Share it