Wednesday 16 June 2021




ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചയാളെ പിടികൂടി

By Sooraj Surendran.23 Apr, 2021

imran-azhar

 

 

കിളിമാനൂർ: ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയയാളെ പോലീസ് പിടികൂടി. തട്ടത്തുമല മറവക്കുഴി ശാസ്താംപൊയ്ക സജീന മന്‍സിലില്‍ നുജൂം (49)ആണ് അറസ്റ്റിലായത്.

 

കിളിമാനൂര്‍ പോലീസ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നുജൂമിനെതിരെ കേസെടുത്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയങ്ങളിൽ നുജൂം യുവതിയുടെ വീടിന് സമീപമെത്തും.

 

മൊബൈൽ ഫോൺ കാണിച്ച് യുവതിയെ പ്രലോഭിപ്പിക്കുകയും തുടർന്ന് ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിലെത്തിച്ച് ലൈംഗികപീഡനത്തിനിരയാക്കുകയുമായിരുന്നു. ഇത്തരത്തിൽ നൂജൂം നിരന്തരം യുവതിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു.

 

ഇക്കഴിഞ്ഞ 17ന് യുവതിയുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തിലെത്തിയ നുജൂമിനെ യുവതി മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നുജൂമിനെ പിടികൂടിയത്.

 

പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി.: സി.എസ്. ഹരി, എസ്.ഐമാരായ ടി.ജെ. ജയേഷ്, മോഹനന്‍, അജേഷ്, ടി.കെ. ഷാജി, ഗ്രേഡ് എസ്.ഐ. ഷജീം, സീനിയര്‍ സി.പി.ഒ. ഷംനാദ്, സി.പി.ഒമാരായ സഞ്ചീവ്, സുജിത്ത്, അജേഷ്, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റൂറല്‍ എസ്.പി: ടി.കെ. മധുവാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.