By priya.10 Aug, 2022
കേച്ചേരി: കരഞ്ഞ് ഉറക്കം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ് നാലു വയസ്സുകാരനെ തെങ്ങിന്‍ മടല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചു. തലയിലും മുഖത്തും ഗുരുതരമായി അടിയേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് തൃപ്രയാര്‍ ചൂലൂര്‍ സ്വദേശി അരിപ്പുറം വീട്ടില്‍ പ്രസാദ് എന്ന നൗഫലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.തൂവാന്നൂരിലാണു സംഭവം. കടുത്ത പനിയുണ്ടായിരുന്ന കുട്ടി തിങ്കളാഴ്ച രാത്രി നിര്‍ത്താതെ കരഞ്ഞിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉറക്കം നഷ്ടപ്പെട്ടതോടെ ദേഷ്യം വന്ന പ്രസാദ് കയ്യില്‍കിട്ടിയ തെങ്ങിന്‍ മടല്‍ കൊണ്ടു കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചു. നാട്ടുകാര്‍ ഓടിയെത്തി കുഞ്ഞിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് സാരമുള്ളതായതിനാല്‍ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒളിവിലായിരുന്ന പ്രസാദിനെ ചിറനെല്ലൂര്‍ ആയമുക്ക് ഭാഗത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ് ജീവനക്കാരനാണ് പ്രസാദ്.
2 മാസം മുന്‍പാണ് പ്രസാദും യുവതിയും കുട്ടിയോടൊപ്പം തൂവാന്നൂരില്‍ വാടകയ്ക്കു താമസമാരംഭിച്ചത്.പ്രസാദ് ഇതിനു മുന്‍പും കുട്ടിയെ മര്‍ദിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവം അറിഞ്ഞ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പഴ്‌സന്‍ നിമ്മി ബിനോയ് കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.കുഞ്ഞിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം എസ്എച്ച്ഒ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ അറസ്റ്റ്.