Friday 29 September 2023




ജോലിക്ക് പോകാൻ നിർബന്ധിച്ചു ; ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

By Ameena Shirin s.11 Jun, 2022

imran-azhar

ജോലിക്ക് പോകാന്‍ നിരന്തരം സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം നടന്നത്. മുപ്പതുകാരനായ വൈഭര്‍ സാഹു ഭാര്യ ഋതു (23) എന്നിവരാണ് മരിച്ചത്.

 

സാഹുവിന്‍റെ അമ്മയും സഹോദരനും ഒരു പൂജയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്ന് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഡ്രൈവറായി ജോലി ചെയ്തിരുന്ന സാഹു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല.

 

ഈ സമയങ്ങളിലത്രയും ഋതു ജോലിക്ക് പോകാനായി സാഹുവിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിലുള്ള രോഷമാണ് ഒടുവില്‍ കൊലയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറയുന്നു.

 

സംഭവ ദിവസം ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി . തുടര്‍ന്ന് ഋതുവിനെ സാഹു കത്രിക കൊണ്ട് പല തവണ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഗുരുതരമായ പരുക്കേറ്റ ഋതു അപ്പോൾ തന്നെ മരിക്കുകയായിരുന്നു . പിന്നീടാണ് സാഹു ആത്മഹത്യ ചെയ്തത്.

 

വീട്ടില്‍ തിരിച്ചെത്തിയ അമ്മയും സഹോദരനുമാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഋതുവിന്‍റെ മൃതദേഹവും സാഹുവിന്‍റെ മൃതദേഹവും കണ്ടെത്തിയത്. ഇവരാണ് പൊലീസില്‍ ഇക്കാര്യം അറിയിച്ചതും. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.