മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും ; കേന്ദ്രറെയില്‍വേ മന്ത്രിക്ക് കത്തു നല്‍കി സുരേഷ് ഗോപി

കോഴിക്കോട്: മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും . ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നൽകി. യാത്രക്കാരില്ലാതെ പ്രതിസന്ധിയിലായ വന്ദേഭാരത് എക്‌സ്പ്രസിന് കോഴിക്കോട്ടേക്ക് നീട്ടിയാൽ ഗുണകരമായേക്കും.മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉൾപ്പെടെ പ്രയോജനപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്കായി ബൈന്ദൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മംഗൽപ്പാടിയിലെ എംആർപിഎല്ലിൽ 'സ്വച്ഛതാ പക്ക്വാഡ' പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ മറ്റ് വന്ദേഭാരത് സർവീസുകൾ 150 ശതമാനത്തിലേറെ ഒക്യുപെൻസിയോടെ വൻലാഭത്തിൽ ഓടുമ്പോൾ മംഗളൂരു-ഗോവ തീവണ്ടിയിൽ പകുതിയോളം സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.മുമ്പ് വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിലെ ചില രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മൂകാംബിക, ഉഡുപ്പി, മുരുഡേശ്വർ തീർഥാടകർക്ക് പുറമേ, കേരളത്തിൽനിന്ന് ഗോവയിലേക്ക് നേരിട്ട് വേഗത്തിലെത്താൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കും ഈ സർവീസ് ഗുണകരമാകും.

