Kaumudi Plus

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍; ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍; ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും
X

കൊച്ചി: അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ പ്രശ്നം പരിഹരിക്കാൻ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കും. എറണാകുളം കലക്ടറേറ്റിലാണ് ചർച്ച. ഉമ തോമസ് എംഎൽഎ, ജില്ലാ ലേബർ ഓഫീസർ, ലേബർ സെക്രട്ടറി തുടങ്ങിയവരും രാവിലെ 11 ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. സർക്കാർ വിളിച്ച ചർച്ചയിൽ കോറോ ഹെൽത്ത് പ്രതിനിധികൾ പങ്കെടുക്കുമോയെന്നതിൽ വ്യക്തതയില്ല. ചർച്ചയ്ക്ക് കോറോ ഹെൽത്ത് അധികൃതർ എത്തിയില്ലെങ്കിൽ സർക്കാർ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്.ഇന്നലെയും ജീവനക്കാരെ ഓഫീസിന് അകത്ത് പ്രവേശിപ്പിച്ചില്ല. മന്ത്രിതല ചർച്ച നിശ്ചയിച്ചിരിക്കെ, അതുവരെ ജീവനക്കാരെ അകത്തു പ്രവേശിപ്പിക്കണമെന്ന സർക്കാരിന്റെ ആവശ്യമാണ് കമ്പനി മാനേജ്മെന്റ് തള്ളിയത്. രാവിലെ ഓഫീസിൽ ജോലിക്കായി എത്തിയ ജീവനക്കാരുടെ ഹാജർ തൊഴിൽ വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട ആരും ഇന്നലെ പാലാരിവട്ടത്തെ ഓഫിസിൽ എത്തിയതുമില്ല. ഇതോടെ, ഇന്നത്തെ നിർണായക ചർച്ചയ്ക്ക് കമ്പനി അധികൃതർ തയാറാകുമോ എന്ന കാര്യത്തിലും സംശയമുയർന്നിട്ടുണ്ട്.

അതേസമയം, കൂട്ടപിരിച്ചുവിടൽ വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ ചട്ടങ്ങൾ പാലിച്ച് ചർച്ച നടത്തണം. ഇൻഡസ്ട്രീയൽ റിലേഷൻസ് കോഡ് 2020 പ്രകാരമുള്ള ഒത്തുതീർപ്പിലെത്താൻ ശ്രമിക്കണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചത്. അനുരഞ്ജന ചർച്ചകളുമായി മുന്നോട്ടുപോകാനും ജസ്റ്റിസ് പി ഗോപിനാഥ് നിർദേശിച്ചു. ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് മന്ത്രി വിളിച്ച ചർച്ചയിൽ കോറോഹെൽത്ത് പ്രതിനിധികൾ പങ്കെടുത്തേക്കുമെന്നാണ് നിഗമനം.യുഎസിലെ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കൊച്ചി ഓഫിസിലെ അറുന്നൂറോളം പേരെയും കോഴിക്കോട് ഓഫിസിലെ ഇരുനൂറോളം പേരെയുമടക്കം എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. ഓഫിസിൽ പെട്ടെന്ന് നടത്തിയ അനൗൺസ്മെന്റിലൂടെയാണ് പിറ്റേന്ന് മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് അറിയിപ്പ് നൽകിയത്. തുടർന്ന് കമ്പനിയുടെ ഔദ്യോഗിക ചിഹ്നങ്ങൾ പോലുമില്ലാത്ത വെറും വെള്ള പേപ്പറിൽ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തും നൽകിയതായി ജീവനക്കാർ പറയുന്നു.

Next Story
Share it