ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ് കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ നിർണായക തെളിവായ തൊണ്ടിമുതൽ തൂവാല കണ്ടെത്തി. കസ്റ്റഡിയിൽ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട തൂവാലയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം സിജിഎം കോടതിയിൽ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്. എലി കൊണ്ടുപോയതെന്നായിരുന്നു തൂവാല സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് എഴുതിയിരുന്നത്.കഴിഞ്ഞ തവണ കേസിന്റെ വിസ്തരത്തിനിടെയാണ്തൂവാല ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടത്. അപ്പോഴാണ് തൂവാല കാണാനില്ലെന്ന കാര്യം പുറത്തറിഞ്ഞത്. സീൽഡ് കവറിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. രക്തം പുരണ്ട തൂവാല എലി കരണ്ടു എന്ന് രേഖപ്പെടുത്തിയിരിക്കുകയായിരുന്നു. പിന്നീട് കോടതി തന്നെ ഇതിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അതിനിടെയാണ് സിജിഎം കോടതിയിൽ നിന്ന് തന്നെ തൂവാല കണ്ടുകിട്ടിയത്.
2006 ഒക്ടോബർ 22-നാണ് എൻഡിഎഫ്. പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്. സിപിഎം വിട്ട് എൻഡിഎഫിൽ ചേർന്നതാണ് ഫസലിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി തുടങ്ങിയവരാണ് കേസിലെ പ്രതികൾ.

