NEET പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കില്ല;പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) മാതൃകയിലാക്കണമെന്ന പുതിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു . നിലവിലെ സാഹചര്യത്തിൽ പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെത്തുടർന്ന് മെയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്നാണ് ജൂൺ 21-ന് പുനഃപരീക്ഷ നിശ്ചയിച്ചത്. ഒബ്ജക്റ്റീവ് ടൈപ്പ് ഒ.എം.ആർ (പേപ്പർ-പെൻ) രീതിക്ക് പകരം ഓൺലൈൻ പരീക്ഷ നടത്തിയാൽ വീണ്ടുമൊരു ചോദ്യ പേപ്പർ ചോർച്ച തടയാനാകുമെന്ന് ഹർജിക്കാരനായ ആർ.ജെ.ഡി ജനപ്രതിനിധി സുധാകർ സിങ്ങ് വാദിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ പരീക്ഷാ രീതി മാറ്റുന്നത് ഏജൻസികൾക്ക് കടുത്ത സമ്മർദ്ദമുണ്ടാക്കും. സമാനമായ ആവശ്യങ്ങളുന്നയിച്ച മുൻ ഹർജികളും കോടതി തള്ളിയിരുന്നു. ഹർജി വേനലവധിക്ക് ശേഷം ജൂലൈയിൽ പരിഗണിക്കുന്നതിനായി മാറ്റി. എന്നാൽ അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ തീരുമാനിച്ചതായി ദേശീയ പരീക്ഷാ ഏജൻസിയായ എൻ.ടി.എ കോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരം ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ച് അടുത്ത പരീക്ഷാ സൈക്കിൾ മുതൽ ഇത് നടപ്പിലാക്കും.

