By Lekshmi.10 Jun, 2023
ന്യൂയോര്‍ക്ക്: കഴിഞ്ഞ ആഴ്ചകളില്‍ വിചിത്രമായൊരു ആകാശക്കാഴ്ച ഉടലെടുത്തിരുന്നു. കടുംചുവപ്പ് നിറത്തിലാണ് അന്ന് നഗരത്തിലെ മാനത്ത് സൂര്യന്‍ ഉദിച്ചത്. അതുപോലെ കടുത്ത പുക മൂടിയിരിക്കുകയാണ് ന്യൂയോര്‍ക്കില്‍. പല പ്രദേശങ്ങളില്‍ നിന്നുള്ള കാട്ടുതീകളാണ് ഇതിന് കാരണമായത്.
ശക്തമായി കത്തിക്കൊണ്ടിരിക്കുന്ന തീയില്‍ നിന്നുള്ള പുകപടലങ്ങള്‍ ആകാശത്തു നിറയുകയും ഇവ കാറ്റില്‍പെട്ട് രണ്ടായിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച് യുഎസില്‍ എത്തുകയും ചെയ്തു. ഇവ ചെറിയ തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികളെ ചിതറിക്കുകയും ചുവപ്പ്, ഓറഞ്ച് തുടങ്ങിയ രശ്മികള്‍ ആകാശത്തു കൂടുതല്‍ മിഴിവോടെ കാണാന്‍ അവസരമൊരുക്കുകയും ചെയ്തു. ഇതാണ് ചുവന്ന നിറത്തിലുള്ള സൂര്യനു വഴിവച്ചത്.
എന്നാല്‍ അന്യഗ്രഹജീവികളാണ് കാനഡയില്‍ കാട്ടുതീക്ക് വഴിവച്ചതെന്ന് ചെറിയൊരു വിഭാഗം ആളുകള്‍ പറയുന്നു. ഇവരിത് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നുമുണ്ട്. ഭൂമിയിലേക്ക് വന്ന അന്യഗ്രഹപേടകങ്ങളെന്തോ കാട്ടില്‍ തകര്‍ന്നുവീണതില്‍ നിന്നുള്ള തീയാണ് കാട്ടുതീക്ക് കാരണമായതെന്നും അതല്ല അന്യഗ്രഹജീവികളുടെ സന്ദര്‍ശനം മറ്റാരും കാണാതെയിരിക്കാനായി ന്യൂയോര്‍ക്കിലുള്‍പ്പെടെ പുകമറ സൃഷ്ടിക്കുകയാണെന്നുമൊക്കെയാണ് പ്രചരിക്കുന്ന ചില വിചിത്രവാദങ്ങള്‍. ഇതു കൂടാതെ വളരെ ശക്തിയുള്ള ലേസറുകളോ മറ്റ് ആയുധങ്ങളോ ആണ് പുക സൃഷ്ടിച്ചതെന്നതുള്‍പ്പെടെയുളള പ്രചാരണങ്ങളും ധാരാളമായി ഉയരുന്നുണ്ട്.