Saturday 09 December 2023




പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡിന് എത്തിയത് വ്യോമസേനയുടെ വിമാനത്തില്‍; മൊബൈല്‍ ജാമറുള്‍ കൊണ്ടുവന്നു

By priya.23 Sep, 2022

imran-azhar

 

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന നടത്താനായി എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്( ഇഡി) ഉദ്യോഗസ്ഥ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് വ്യോമസേനയുടെ ഗജരാജ വിമാനത്തില്‍.ബുധനാഴ്ച രാത്രി 7 മണിയോടെയാണ് മൊബൈല്‍ ജാമറുള്‍ അടക്കമുള്ള സംവിധാനങ്ങളുമായി സംഘം വിമാനത്താവളത്തിലെത്തിയത്.

 

റെയ്ഡ് നടത്തുന്ന വിവരം ലോക്കല്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും വിശദ വിവരങ്ങള്‍ കൈമാറിയിരുന്നില്ല. സിആര്‍പിഎഫിനായിരുന്നു മുഖ്യസുരക്ഷാ ചുമതല. റെയ്ഡ് നടന്നയിടങ്ങളിലെല്ലാം വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നു.

 

മലപ്പുറം ജില്ലയില്‍ ദേശീയ നേതാക്കള്‍ അടക്കം 5 പേരുടെ വീടുകളിലും ദേശീയപാതയില്‍ പുത്തനത്താണിക്കു സമീപമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലുമാണ് റെയ്ഡ് നടന്നത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും 2 നേതാക്കളുടെ വീടുകളിലും പരിശേധന നടന്നു.

 

പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫിസിലും കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടത്തി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും അദ്ദേഹം ഉണ്ടായിരുന്നില്ല.

 

പിന്നീട് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് സുലൈമാനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് പട്ടാമ്പി ഓഫിസിലും സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടിലും റെയ്ഡ് നടത്തി. അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

 

തൃശൂര്‍ ജില്ലയില്‍ ചാവക്കാട്ടെ ജില്ലാ ഓഫിസിലും 2 നേതാക്കളുടെ വീടുകളിലുമായിരുന്നു റെയ്ഡ് നടന്നത്.തിരുവനന്തപുരത്ത് രണ്ടിടത്തായിരുന്നു റെയ്ഡ്. സംസ്ഥാന നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ട്രിവാന്‍ഡ്രം എജ്യുക്കേഷനല്‍ സര്‍വീസ് ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ റഷീദിന്റെ മണക്കാട്ടെ വീട്ടിലുമായിരുന്നു പരിശോധന.

 

കൊല്ലം കരുനാഗപ്പള്ളി പുതിയകാവിലെ എസ്ഡിപിഐ ദക്ഷിണ കേരള ഓഫിസിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ വീട്ടിലും പരിശോധന നടന്നു. ഒരു വര്‍ഷം മുന്‍പ് എന്‍ഐഎ അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെറീഫിന്റെ വീട്ടിലും റെയ്ഡ് നടന്നു.

 

പത്തനംതിട്ടയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അടൂര്‍ പറക്കോടുള്ള ഓഫിസിലും ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും പരിശോധിച്ചു. ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടിയ സാദിഖിനെ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

 

കോട്ടയം ജില്ലയില്‍ മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ജില്ലാ സെക്രട്ടറി താവളത്തില്‍ സൈനുദ്ദീനെ ഇടുക്കി പെരുവന്താനത്തെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. റെയ്ഡ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സൈനുദ്ദീന്റെ മകനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീടു വിട്ടയച്ചു. തൊടുപുഴയിലെ ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടന്നു.

 

പോപ്പുലര്‍ ഫ്രണ്ട് കര്‍ണാടക പ്രസിഡന്റ് മുഹമ്മദ് ഷക്കീബ്, സംസ്ഥാന സെക്രട്ടറി അഫ്‌സര്‍ പാഷ, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നസീര്‍ പാഷ എന്നിവരുടെ ബെംഗളൂരുവിലെ വീടുകളില്‍ റെയ്ഡ് നടന്നു. 7 പേരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ 11 ഇടത്ത് റെയ്ഡ് നടന്നു. തമിഴ്‌നാട്ടില്‍ 5 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.