Kaumudi Plus

നിതിൻ രാജിന്റെ മരണം ;ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

നിതിൻ രാജിന്റെ മരണം ;ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി
X

കണ്ണൂർ:അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട മുഖ്യപ്രതി ഡോ. എ.കെ. റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ഡോക്ടർ റാം കീഴടങ്ങിയത്. ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് സംഘം കോടതിയുടെ അനുമതിക്ക് കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത കീഴടങ്ങൽ.പ്രതിയുടെ അറസ്റ്റിലുണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു തലശ്ശേരി എസ്‌.സി/എസ്‌.ടി സ്പെഷ്യൽ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചത്. അപേക്ഷയിൽ കോടതി വിധി പറയാനിരിക്കെയാണ് പ്രതി കീഴടങ്ങിയത്.വിശദീകരണത്തിനായി ഡിവൈഎസ്പിയെ വിളിപ്പിച്ച കോടതി, മുൻപ് റാം അറസ്റ്റിലായ സമയത്ത് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞു.അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. തുടർന്ന്, ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള വിശദീകരണം പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാമെന്ന് സ്പെഷ്യൽ കോടതി വ്യക്തമാക്കി. കൂടാതെ, ഡോക്ടർ റാമിന്റെ ഭാര്യയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തിയത് സംബന്ധിച്ച പുതിയ 'ഗ്രൗണ്ട് ഓഫ് അറസ്റ്റ്' റിപ്പോർട്ട് കൈമാറിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Next Story
Share it