Kaumudi Plus

തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക് 38.50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തേങ്ങയിടുന്നതിനിടെ  ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക്  38.50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
X

കൊല്ലം: തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരൻകൊല്ലം ശക്തികുളങ്ങര സ്വദേശി സനുവിന്റെ അമ്മക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. തോട്ടി സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് സനുവിന് ഷോക്കേറ്റത്. നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത് തിരുവനന്തപുരത്തെ പെര്‍മനന്റ് അദാലത്ത് ഫോര്‍ യൂട്ടിലിറ്റി സര്‍വീസസാണ്.2021 ഒക്ടോബറിലായിരുന്നു സനുവിന്റെ മരണം. വെല്‍ഡര്‍ ജോലി ചെയ്തിരുന്ന സനുവിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. രണ്ടു സഹോദരിമാരായിരുന്നു യുവാവിന് ഉണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഇളയ സഹോദരി പത്താം ക്ലാസിലായിരുന്നു. മൂത്ത സഹോദരി വിവാഹിതയും. കെഎസ്ഇബി യുമായി നഷ്ടപരിഹാരത്തിനായി കേസ് നടക്കുന്നതിനിടെ അച്ഛന്‍ മരിച്ചു. സനുവിന്റെ അമ്മ സത്യഭാമ അദാലത്തില്‍ പരാതി നല്‍കിയത് 2023 ലാണ്. വൈദ്യുതി ബോര്‍ഡ് ലൈനിന്റെ സുരക്ഷിതത്തില്‍ വീഴ്ച്ച വരുത്തിയതിനാല്‍ ഉണ്ടായ അപകടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ അപകടം സംഭവിച്ചത് സനുവിന്റെ അശ്രദ്ധയും അലക്ഷ്യമായ പ്രവര്‍ത്തിയും കൊണ്ടാണെന്നാണ് ബോര്‍ഡ് വാദിച്ചത്. ഫൈനല്‍ സെറ്റില്‍മെന്റ് ആയി കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കിയതും അദാലത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് 2024 ല്‍ അദാലത്ത് സത്യഭാമയുടെ പരാതി തള്ളി. ഇതിനെതിരെ സത്യഭാമ ഹൈക്കോടതിയെ സമീപിക്കുകയും കോടതി കേസില്‍ പുതുതായി വാദം കേള്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.വാദത്തിനൊടുവില്‍ ബോര്‍ഡിന്റെ വീഴ്ച്ച കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് അദാലത്ത് കണ്ടെത്തിയത്. തോട്ടി വൈദ്യുതി ലൈനുമായി സമ്പര്‍ക്കത്തില്‍ വന്നപ്പോള്‍ ട്രിപ്പ് ആവേണ്ടതായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ട്രിപ്പ് ആവാനുള്ള പ്രൊട്ടക്റ്റീവ് ഫ്യൂസ് സിസ്റ്റം പ്രവര്‍ത്തിച്ചില്ല എന്നത് ബോര്‍ഡിന്റെ വീഴ്ചയാണ്. സനുവിന് പ്രതിദിനം 1,000 രൂപ വരുമാനം ഉണ്ടായിരുന്നെന്നാണ് കുടുംബം അദാലത്തില്‍ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വെല്‍ഡര്‍ ജോലിക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദാലത്ത് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്. മുമ്പ് നല്‍കിയ 2 ലക്ഷം കഴിച്ച് 36.50 ലക്ഷം അമ്മക്ക് ബോര്‍ഡ് നല്‍കണം. ഈ തുകക്ക് 6 ശതമാനം പലിശയും കൂടാതെ 10,000 രൂപ കോടതിച്ചെലവായി നല്‍കണമെന്നും ഉത്തരവിലുണ്ട്.അദാലത്ത് ചെയര്‍പേഴ്സണ്‍ ഷെറിന്‍ ആഗ്‌നസ് ഫെര്‍ണാണ്ടസ്, അംഗം എന്‍ ജീവന്‍ എന്നിവരാണ് ഉത്തരവിട്ടത്. പരാതിക്കാരിയെ പ്രതിനിധീകരിച്ചത് അഡ്വക്കേറ്റുമാരായ ഫ്രാന്‍സി ജോണ്‍, എസ്. രഘുകുമാര്‍, ത്രേയ ജെ. പിള്ള, ആര്യ സുരേഷ് കുമാര്‍ എന്നിവരാണ്.

Next Story
Share it