By Lekshmi.10 Jun, 2023
പാലക്കാട്: വടക്കഞ്ചേരി ആയക്കാട് ഐഎ ക്യാമറ തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്. രണ്ടു പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സിദ്ധാര്‍ഥ് എന്ന് പിറകിലെഴുതിയ ഇന്നോവയാണ് അപകടം ഉണ്ടാക്കിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടു നിര്‍ണായക വിവരങ്ങളാണ് കേസില്‍ പ്രതികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. വെള്‌ളിയാഴ്ച രാത്രി 9.58നാണ് ഈ ക്യാമറയില്‍ ഒടുവിലത്തെ നിയമലംഘനം പതിഞ്ഞത്. അപകടം ഉണ്ടായത് 11മണിയോടെയായിരുന്നു. അതിനാല്‍ തന്നെ അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ടുള്ള അപകടമല്ല എന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ഇന്നോവയുടെ പിറകിലെ ഗ്ലാസില്‍ സിദ്ധാര്‍ത്ഥ് എന്ന് എഴുതിയിരുന്നതായും പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ചില്ലുകഷ്ണങ്ങള്‍ ചേര്‍ത്തുവച്ചപ്പോഴാണ് ഈ ഈംഗ്ലീഷിലെഴുതിയ പേര് കിട്ടിയത്.
ഈ പേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സമീപത്തെ ക്യാമറകളിലൂടെ പിന്‍വശത്ത് ഇങ്ങനെ പേരുള്ള ഇന്നോവ കടന്നു പോയിട്ടുണ്ടോ എന്ന് പരിശോധിച്ചത് പൊലീസിന് പ്രതിയിലേക്ക് എത്താന്‍ സഹായമായി.