Friday 29 September 2023




ആധാര്‍-പാന്‍ ലിങ്കിംഗ്, ബാങ്ക് ലോക്കര്‍, ആധാര്‍ പുതുക്കല്‍; ഒരു മാസം കൂടി,ചെയ്തില്ലെങ്കില്‍ വന്‍നഷ്ടം

By Greeshma Rakesh.28 May, 2023

imran-azhar

 

പുതുവര്‍ഷം ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ വ്യക്തിഗത ധനകാര്യവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്.പാന്‍ ആധാര്‍ ലിങ്കിങ്, ഇപിഎസ് പെന്‍ഷന്‍ സമയപരിധി,ആധാര്‍ പുതുക്കല്‍ അങ്ങനെ പ്രധാനപ്പെട്ട നിരവധി കാര്യങ്ങളുടെ സമയപരിധി ജൂണ്‍ 30 ന് അവസാനിക്കും. അതിന് മുന്‍പ് ചെയ്ത് തീര്‍ക്കേണ്ട പ്രധാന കാര്യങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം.

 


ആധാര്‍- പാന്‍ കാര്‍ഡ് ലിങ്കിംഗ്

 

സമയമുണ്ടല്ലോ, നാളെ ചെയ്യാം എന്ന മട്ടിലാണ് ആധാര്‍ പാന്‍ ലിങ്കിംഗിന്റെ കാര്യത്തില്‍, പലരുടെയും കാര്യം. ജൂണ്‍ 30 ആണ് ആധാര്‍ പാന്‍കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള അവസാനതിയ്യതി. ജൂണ്‍ മാസത്തിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍കാര്‍ഡ് അസാധുവായാല്‍ നിങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുകയുമില്ല. പലതവണ സമയപരിധി നീട്ടി നല്‍കിയതിനാല്‍, വീണ്ടും ജൂണിന് ശേഷവും സമയപരിധി നീട്ടി നല്‍കാന്‍ സാധ്യത കുറവാണ്.

 

നിലവില്‍ ആയിരം രൂപ പിഴയടച്ച് പാന്‍ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. സമയപരിധിക്കുള്ളില്‍ ചെയ്തില്ലെങ്കില്‍ പാന്‍കാര്‍ഡ് അസാധുവാകുമെന്ന് മാത്രമല്ല, ഉയര്‍ന്ന പിഴയും നല്‍കേണ്ടിവരും. പാന്‍ - ആധാര്‍ രേഖകള്‍ ജൂണ്‍മാസത്തിനകം ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, പാന്‍ കാര്‍ഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാര്‍ഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാര്‍ഡ് കഷ്ണം മാത്രമായിരിക്കും. ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും തകരാറിലാവും.

 


ഉയര്‍ന്ന ഇപിഎസ് പെന്‍ഷന് അപേക്ഷിക്കാം

 

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് (ഇപിഎസ്) കീഴില്‍ ഉയര്‍ന്ന പെന്‍ഷന്‍ അപേക്ഷിക്കാനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കും. രണ്ടാം തവണയും ഇപിഎസില്‍ നിന്ന് ഉയര്‍ന്ന പെന്‍ഷനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇപിഎഫ്ഒ നീട്ടിനല്‍കിയിരുന്നു. 2022 നവംബര്‍ 4-ന് നല്‍കിയ ഉത്തരവിലാണ് സുപ്രീംകോടതി ആദ്യം മാര്‍ച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്.

 

താല്‍പ്പര്യമുള്ള വരിക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നതിനായി ഇപിഎഫ്ഒ പിന്നീട് മെയ് 3 വരെ സമയപരിധി നീട്ടി. നിലവില്‍ 26 ജൂണ്‍ 2023 വരെയാണ് സമയപരിധി. സുപ്രീംകോടതി വിധിയില്‍ സമയപരിധി നിശ്ചയിച്ചതിന് ശേഷം യോഗ്യരായ ജീവനക്കാര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യം പുനഃസ്ഥാപിക്കാന്‍ ഇപിഎഫ്ഒ ഏറെ സമയമെടുത്തതാണ് സമയപരിധി നീട്ടിയതിന് കാരണം.

 


ആധാര്‍ കാര്‍ഡ് പുതുക്കല്‍

 

പത്ത് വര്‍ഷം കഴിഞ്ഞ ആധാര്‍ കാര്‍ഡുകള്‍ ഉപയോക്താക്കള്‍ പുതുക്കണമെന്നു സര്‍ക്കാരും യുഐഡിഎഐയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2023 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 14 വരെ ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ജൂണ്‍ 14 കഴിഞ്ഞാല്‍ ആധാര്‍ കാര്‍ഡ് പുതുക്കാന്‍ പണം നല്‍കണം. myAadhaar പോര്‍ട്ടലിലൂടെ ഉപയോക്താക്കള്‍ക്കു സൗജന്യ സേവനം ഉപയോഗിക്കാം.

 

ആധാര്‍ കേന്ദ്രങ്ങള്‍ വഴി വിവരങ്ങള്‍ പുതുക്കന്നതിനുള്ള 50 രൂപ നിരക്ക് ഇക്കാലയളവിലും തുടരും. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങള്‍ മാറ്റേണ്ട ആവശ്യമുണ്ടെങ്കില്‍, തീര്‍ച്ചയായും ഓണ്‍ലൈന്‍ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. അല്ലെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കാം. ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ചില സേവനങ്ങളെ ബാധിക്കാനുമിടയാകും.

 


ബാങ്ക് ലോക്കര്‍ കരാര്‍ സമയപരിധി

 

ബാങ്കുകളിലെ ലോക്കര്‍ കരാര്‍ പുതുക്കുന്നതിനുള്ള സമയപരിധിയുടെ പ്രധാനഘട്ടം പൂര്‍ത്തിയാകേ, ജൂണ്‍ മുതലുള്ള മാസങ്ങള്‍ നിര്‍ണായകമാണ്. ജൂണ്‍ 30 നുള്ളില്‍ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബര്‍ 30 നകം 75 ശതമാനം നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

 

എസ്ബിഐ അമൃത് കലശ്

 

400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ് ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തില്‍ വന്നത്.പൊതു നിക്ഷേപകര്‍ക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നല്‍കുക. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.60 ശതമാനം നിരക്കില്‍ പലിശ നല്‍കുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കാണ് നല്‍കാറുള്ളത്. 2013 ജൂണ്‍ 30 വരെയാണ് ഈ പദ്ധതിയില്‍ ചേരാനുള്ള കാലാവധി.