നെഞ്ചുവേദനയായി എത്തിയ രോഗി ചികിത്സ വൈകിയതുമൂലം കുഴഞ്ഞുവീണ് മരിച്ചു; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി പരാതി. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഡോക്ടറെ കാണാൻ ക്യൂവിൽ നിൽക്കുന്നതിനിടെയാണ് രാജേഷ് കുഴഞ്ഞുവീണത്.നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും രാജേഷിനോട് ക്യൂവിൽ നിൽക്കാൻ അധികൃതർ നിർദേശിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. അരമണിക്കൂറോളം ക്യൂവിൽ നിന്നശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണതെന്നും ബന്ധുക്കൾ പറയുന്നു
സംഭവത്തെ തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. സംഭവത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി മുരളീധരൻ അറിയിച്ചു.

