രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയും ;ക്രൂഡ് ഓയില്‍ നിരക്കില്‍ ഇടിവ്

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞത് രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് വലിയ തരത്തിൽ ആശ്വാസമായിട്ടുണ്ട് . ഈ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ വില കുറയും സൂചന. അസംസ്‌കൃത എണ്ണവില നിലവിലെ നിരക്കിൽ തുടരുകയാണെങ്കിൽ, അടുത്ത 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ പെട്രോൾ, ഡീസൽ വിൽപ്പനയിലെ നഷ്ടം പൂർണമായും ഒഴിവാക്കാൻ കമ്പനികൾക്ക് സാധിക്കും.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് മാസങ്ങളായി ഉണ്ടായ നഷ്ടത്തിന് ശേഷമാണ് എണ്ണക്കമ്പനികൾ ഈ നേട്ടത്തിലേക്ക് എത്തുന്നതെങ്കിലും, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിൽ കമ്പനികൾ ഇപ്പോഴും 500 രൂപയോളം നഷ്ടം നേരിടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടുണ്ട്. നിലവിൽ യുദ്ധത്തിന് മുൻപുള്ള നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിലേക്കും, ഇന്ത്യൻ ക്രൂഡ് ബാസ്‌കറ്റ് വില ബാരലിന് 67-68 ഡോളറിലേക്കും താഴ്ന്നു.
മെയ് 15ന് ശേഷം ഇന്ത്യയിൽ ഇന്ധനവിലയിൽ ലിറ്ററിന് 7.5 രൂപയോളം വർധനയുണ്ടായിട്ടുണ്ട്. പൊതുമേഖലാ കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ പെട്രോൾ, ഡീസൽ, സബ്സിഡിയുള്ള എൽപിജി എന്നിവയുടെ വിൽപ്പനയിലൂടെ മാത്രം 74,781 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ നേരിട്ടത്. എണ്ണവില ബാരലിന് 75 ഡോളറിന് താഴെ തുടരുകയാണെങ്കിൽ, അടുത്ത 6 മുതൽ 12 മാസങ്ങൾക്കുള്ളിൽ എണ്ണക്കമ്പനികൾക്ക് ഈ പഴയ നഷ്ടം നികത്താനാകും.
സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള ഒപെക് പ്ലസ് സഖ്യം ഓഗസ്റ്റ് മുതൽ പ്രതിദിനം 1,88,000 ബാരൽ എണ്ണ അധികമായി ഉത്പാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ശേഷമുള്ള അഞ്ചാമത്തെ തുടർച്ചയായ പ്രതിമാസ വർധനയാണിത്. ആഗോള വിപണിയിൽ എണ്ണ വിതരണം കൂട്ടുന്നത് വില വീണ്ടും കുറയാൻ കാരണമാകും. എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. ഇത് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനും ഇന്ത്യയുടെ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരം പുനഃസ്ഥാപിക്കാനും സഹായിക്കും.
വില കുറയ്ക്കുന്നതിന് മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നത് 20-ാം തീയതി നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനമാണ്. എണ്ണ വില ഉയർന്നു നിൽക്കുന്നതിൽ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യവും കൂടി മുന്നിൽക്കണ്ട്, അതിനുമുമ്പ് തന്നെ എണ്ണവില കുറയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന സൂചനയാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്.

