By priya.18 Sep, 2023
ന്യൂഡല്‍ഹി: ഈ പാര്‍ലമെന്റ് മന്ദിരത്തോട് വിടപറയുക എന്നത് വൈകാരികമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രപരമായ കെട്ടിടത്തോടു യാത്രപറയാന്‍ ഒരുങ്ങുകയാണ് നാം.
സ്വാതന്ത്ര്യത്തിനു മുന്‍പ് ഈ കെട്ടിടം ബ്രിട്ടിഷ് ഇന്ത്യയുടെ ഇംപീരിയല്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സിലായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം ഇത് ഇന്ത്യയുടെ പാര്‍ലമെന്റായി.
വിദേശ ഭരണാധികാരികളാണ് ഈ കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനമെടുത്തത് എന്നത് ശരിയാണ്. എന്നാല്‍ ഇത് നിര്‍മിക്കാന്‍ വിയര്‍പ്പൊഴുക്കി കഠിനാധ്വാനം ചെയ്തത് ഇന്ത്യക്കാരാണെന്ന് മോദി പറഞ്ഞു.
എംപിയായി ആദ്യം പാര്‍ലമെന്റ് മന്ദിരത്തിലേക്കു വന്നപ്പോള്‍ ജനാധിപത്യത്തിന്റെ ക്ഷേത്രത്തോടുള്ള ആദരവായി ഞാന്‍ പടികള്‍ തൊട്ടുവന്ദിച്ചു.
അതെനിക്കു ശരിക്കും വൈകാരികമായ നിമിഷമായിരുന്നു. ദരിദ്ര കുടുംബത്തില്‍ ജനിച്ച ഒരു കുട്ടിക്ക്, റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങിയ ബാല്യമുള്ള ഒരാള്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കാന്‍ കഴിയുമെന്നുപോലും കരുതിയിരുന്നില്ല.
ജനങ്ങളില്‍ നിന്ന് ഇത്രയധികം സ്‌നേഹം ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ഇന്ന് ഇന്ത്യയുടെ വിജയഗാഥ ലോകമാകെ വാഴ്ത്തുകയാണ്.
നമ്മുടെ പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തിന്റെ കൂട്ടായ പ്രയത്നങ്ങളുടെ ഫലമാണിതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാന്‍ മൂന്നിന്റെ വിജയം ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ അഭിമാനമാകുന്നതാണ്.
സാങ്കേതിക വിദ്യ, ശാസ്ത്രം, നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവ്, 140 കോടി ജനങ്ങളുടെ കരുത്ത് എന്നിങ്ങനെ ഒരു പുതിയ ഇന്ത്യയെ തന്നെ ലോകം അറിഞ്ഞു. ഇന്നു ഞാന്‍ വീണ്ടും ഇന്ത്യയുടെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയാണ്.
ജി 20 ഉച്ചകോടിയുടെ വിജയത്തില്‍ നിങ്ങളെല്ലാവരും അഭിനന്ദിക്കുന്നു. ഞാന്‍ നിങ്ങളോട് എന്റെ നന്ദി അറിയിക്കുന്നു. ജി20യുടെ വിജയം ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ വിജയമാണ്.
ഇത് ഒരു വ്യക്തിയുടെയോ പാര്‍ട്ടയുടെയോ വിജയമല്ല, മറിച്ച് ഇന്ത്യയുടെ വിജയമാണ്. ഇത് നാം എല്ലാവരും ആഘോഷിക്കേണ്ട വിജയമാണ്. പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.
അത് ഒരു കെട്ടിടത്തിന് നേരെയുള്ള ആക്രമണം ആയിരുന്നില്ല, മറിച്ച് ജനാധിപത്യത്തിന്റെ മാതാവിനു നേരെയുള്ള ആക്രമണമായിരുന്നു. ഈ രാജ്യത്തിന് അതൊരിക്കലും മറക്കാനാകില്ല.
പാര്‍ലമെന്റ് മന്ദിരത്തെയും അതിലെ അംഗങ്ങളെയും സംരക്ഷിക്കുന്നതിനായി, ഭീകരര്‍ക്കെതിരെ പോരാടുന്നതിനിടയില്‍ വെടിയുണ്ടകള്‍ നെഞ്ചിലേറ്റു വാങ്ങിയവര്‍ക്കു മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു.
ഈ പാര്‍ലമെന്റ് മന്ദിരത്തോട് വിടപറയുക എന്നത് വൈകാരികമായ നിമിഷമാണ്. നിരവധി മധുരമുള്ളതും കയ്‌പേറിയതുമായി അനുഭവങ്ങള്‍ക്ക് ഈ മന്ദിരം സാക്ഷിയായി.
നിരവധി വാഗ്വാദങ്ങളള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഇവിടെ നാം സാക്ഷിയായി, അതുപോലെ ഒരു വീടു പോലെയും അനുഭവപ്പെട്ടു.
പാര്‍ലമെന്റില്‍ അരങ്ങേറിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാര്‍ നെഹ്‌റുവിന്റെ 'അര്‍ധരാത്രയിലെ പ്രസംഗം' എല്ലാവരെയും എക്കാലവും പ്രചോദിപ്പിക്കും.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് 'വോട്ടിന് പണം' അഴിമതിക്കും പാര്‍ലമെന്റ് സാക്ഷിയായി. നാലു എംപിമാര്‍ മാത്രമുള്ള പാര്‍ട്ടി ഭരണപക്ഷത്തും നൂറ് എംപിമാരുള്ളവര്‍ പ്രതിപക്ഷത്ത് ഇരിക്കുന്നതിനും സാക്ഷിയായി.
ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവയുടെ ഉദയത്തില്‍ ആഘോഷങ്ങള്‍ക്കും തെലങ്കാനയുടെ സൃഷ്ടിയില്‍ ചില കയ്‌പേറിയ ഓര്‍മകള്‍ക്കും സാക്ഷിയായി.
ഭൂതകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്ന ഒരു നിമിഷത്തിന്റെ സാക്ഷിയാകാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യവാന്മാരാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നാം പ്രവേശിക്കുന്നത് പുതിയ പ്രതീക്ഷകളും ആത്മവിശ്വാസവുമായാണെന്ന് എനിക്ക് ഉറപ്പാണെന്ന് മോദി പറഞ്ഞു.
നിപ ഭീതിക്കിടെ ആശ്വാസം; ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയത് ആശ്വാസ വാര്‍ത്തയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 61 സാംപിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്. ഇക്കൂട്ടത്തില്‍ നിപ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിഴപഴകിയ വ്യക്തിയുടെ പരിശോധനാ ഫലവും ഉള്‍പ്പെട്ടിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ നിപ സ്ഥിരീകരിച്ച ആളെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ഫലവും നെഗറ്റീവാണെന്ന് വീണാ ജോര്‍ജ് അറിയിച്ചു.കോഴിക്കോടിന് പുറമേ മറ്റു ജില്ലകളില്‍ നിന്നുള്ള ആളുകളുടെ ഭൂരിപക്ഷം സാംപിളുകളും നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രസംഘം ഇന്നും ഫീല്‍ഡിലുണ്ട്. ഇന്ന് കേന്ദ്രസംഘവുമായി വളരെ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ അഭിനന്ദിച്ചു.
കേന്ദ്രസംഘത്തിന്റെ ഒരു ടീം ഇന്ന് മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആശുപത്രിയിലും ഫീല്‍ഡിലും ഉള്‍പ്പെടെ നാം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവര്‍ നേരിട്ടെത്തി കണ്ടു മനസ്സിലാക്കി.
അതിന്റെ അടിസ്ഥാനത്തില്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് നമ്മള്‍ നടത്തുന്നതെന്നാണ് ഏറ്റവും ഒടുവില്‍ നടത്തിയ യോഗത്തിലും അവര്‍ പറഞ്ഞതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.