Sunday 25 February 2024




'ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ'; സോണിയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി

By Greeshma Rakesh.09 Dec, 2023

imran-azhar

 

 

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് മോദി ആശംസിച്ചു. 'എക്‌സ്' പ്ലാറ്റഫോമിലൂടെയാണ് മോദി ജന്മദിനാശംസകള്‍ നേര്‍ന്നത്.

 
77ാം ജന്‍മദിനമാഘോഷിക്കുന്ന സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയെ കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എംപി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അക്ഷീണ വക്താവ് എന്നാണ് ഖാര്‍ഗെ സോണിയ ഗാന്ധിയെ വിശേഷിപ്പിച്ചത്.

 
സോണിയ കോണ്‍ഗ്രസിനെ മികച്ച രീതിയില്‍ നയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രചോദനമായി തുടരുകയാണെന്നും തരൂര്‍ പറഞ്ഞു. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ അമരത്തു നിന്ന സോണിയാ ഗാന്ധി ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഏതാനും വര്‍ഷമായി പാര്‍ട്ടിയുടെ സജീവ ചുമതലകളില്‍ നിന്നും ഔദ്യോഗികമായി ഒഴിഞ്ഞുനില്‍ക്കുകയാണ്.