By Priya .28 May, 2023
ഡല്‍ഹി: സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണ്.
ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂര്‍ത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമൃത മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് ഈ മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പുതിയ സൂര്യോദയത്തിന്റെ അടാളമാണ് ഇത്.
പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തന്‍ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു. ഭാരതം വളരുമ്പോള്‍ ലോകം വളരുന്നു.
രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്ഥാപിച്ച ചെങ്കോല്‍ രാജ്യത്തിന് മാര്‍ഗദര്‍ശിയാകും. രാജ്യം കൂടുതല്‍ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് അതിനുള്ള വഴികാട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
1200 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാര്‍ലമെന്റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.