പിഎം ശ്രീ കരാര്‍ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?'മുൻ പരാമർശത്തിൽ മലക്കം മറിഞ്ഞു കെഎം ഷാജി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ മുൻനിലപാടിൽ മലക്കം മറിഞ്ഞു മന്ത്രി കെഎം ഷാജി. കരാർ അറബിക്കടലിൽ തള്ളുമെന്ന മുൻ പരാമശത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രസംഗത്തിൽ പലതും പറയുമെന്നും അത് തെരുവിൽ പറയുന്ന രാഷ്ട്രീയമാണെന്നും കെഎം ഷാജി പറഞ്ഞു. പ്രസംഗത്തിലെ ചില വാചകങ്ങൾ എടുത്ത് വിവാദമേക്കണ്ടതില്ല. അതൊക്കെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളാണ്. സാമാന്യയുക്തിയുള്ളവർക്ക് അത് മനസിലാകുമെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.കരാർ ഒപ്പിട്ട പദ്ധതി ഒരുമാസത്തിനകം റദ്ദ് ചെയ്ത് മുന്നോട്ടുപോകാൻ ഒരു സർക്കാരിനും കഴിയില്ല. അതിന് സമയം അനുവദിക്കണം. വിഡി സതീശനായാലും പിണറായി വിജയനായാലും ഒപ്പിടുന്നത് അവരുടെ ഒപ്പല്ല. സംസ്ഥാനത്തിന്റെ ഒപ്പ് ആണ്. സംസ്ഥാനം ഒപ്പിട്ട കരാറിൽ നിന്ന് വൈരാഗ്യബുദ്ധി കൊണ്ട് ഇറങ്ങിപ്പോരാൻ ആർക്കും പറ്റില്ലെന്ന് കെഎം ഷാജി പറഞ്ഞു.കേരളത്തിലെ പാഠ്യപദ്ധതികൾക്ക് അനുസൃതമായി വരാവുന്നത് മാത്രമേ സിലബസിൽ അംഗീകരിക്കുകയുള്ളു. അല്ലാത്തത് അംഗീകരിക്കില്ല. അത് കറക്ട് ചെയ്യാൻ സമയം ആവശ്യമുണ്ട്. പ്രസംഗത്തിനകത്ത് പറഞ്ഞ കാര്യമൊക്കെ വലിയ രാഷ്ട്രീയമായി ചൂണ്ടിക്കാട്ടുകയാണ് ചിലർ. പ്രസംഗത്തിൽ അങ്ങനെ പലതുമൊക്കെ പറയും. അത് പ്രസംഗത്തിലെ പ്രയോഗങ്ങളാണ്. പിഎം ശ്രീ പദ്ധതിയുടെ കരാർ അങ്ങനെ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? അത് തെരുവിൽ പറയുന്ന രാഷ്ട്രീയമാണെന്നും ഷാജി പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷത്തെ എതിർക്കേണ്ടത് അവർ ചെയ്യേണ്ട രാഷ്ട്രീയ ധർമമാണ്. അതിന് കൃത്യമായി മറുപടി പറയുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വം. അങ്ങനെ കറക്ട് ചെയ്ത് പോകേണ്ടതാണ് രാഷ്ട്രീയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

