By priya.23 Sep, 2022
തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ബൈക്കിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. കണ്ണൂര്‍ ഉളിയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് വെച്ച് എയര്‍പോട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന എ.നിവേദിന് നേരെയാണ് ആക്രമണമുണ്ടായത്.ഇയാളെ പരുക്കുകളോടെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉളിയില്‍ കെഎസ്ആര്‍ടിസി ബസും ആക്രമിച്ചു. ഡ്രൈവര്‍ അനീഷിനു കല്ലേറില്‍ പരുക്കേറ്റു.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.
കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പത്തനംതിട്ട പന്തളത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. പന്തളം-പെരുമണ്‍ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. ആക്രമണത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കു പരുക്കേറ്റു. യാത്രക്കാരെ അസഭ്യം പറയുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.
തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടിച്ചുതകര്‍ത്തു. 15 പേര്‍ ഉള്‍പ്പെട്ട സംഘമാണ് അക്രമം നടത്തിയത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ബാലരാമപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകള്‍ തകര്‍ന്നു. ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് അടക്കമുള്ള ചില വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി.
പാലക്കാട് - കുളപ്പുള്ളി സംസ്ഥാന പാതയില്‍ ലക്കിടി മംഗലത്ത് ലോറിക്ക് നേരെ കല്ലെറുണ്ടായി. കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയില്‍ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്.
കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലു തകര്‍ന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സിനു മുന്‍പില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ മുട്ടിത്തടി സ്വദേശി സിജിക്കാണ് (48) പരുക്കേറ്റത്. കണ്ണൂരില്‍ കാറിനു നേരെ കല്ലേറുണ്ടായി.