By priya.18 Sep, 2023
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. തെക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.
അടുത്ത 2 ദിവസത്തിനകം ഇത് തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനു മുകളിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ ആന്‍ഡമാന്‍ കടലിനും വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഗുജറാത്തില്‍ കനത്ത മഴ; നദികള്‍ കരകവിഞ്ഞൊഴുകി, ഡാമുകള്‍ തുറന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്നതോടെ വിവിധ ജില്ലകളില്‍ പ്രളയത്തിന് സമാന സാഹചര്യം. കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചു.
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.അതാണ് സംസ്ഥാനത്തെ പ്രളയസമാന സാഹചര്യത്തിലേക്ക് നയിച്ചത്. നദികളെല്ലാം കരകവിഞ്ഞൊഴുകി.
നര്‍മ്മദ ഉള്‍പ്പടെ ഡാമുകള്‍ കൂടി തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ ഉള്‍പ്പടെ മുങ്ങി. വിവിധയിടങ്ങളില്‍ പതിനായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.
താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ബോട്ടുകളിലെത്തി എന്‍ഡിആര്‍എഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഭറൂച്ച്, നര്‍മ്മദ, വഡോദര, ആനന്ദ് , ദഹോദ് തുടങ്ങീ ജില്ലകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായത്. ബറൂച്ച് അക്ലേശ്വര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം നിര്‍ത്തി വച്ചു.