രാജ്യസഭാ തെരഞ്ഞെടുപ്പ് ;മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്;വിജയിച്ചതായി പ്രഖ്യാപനം

ഭോപ്പാൽ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവത് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപി നേടി. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ തള്ളിയതിനെ തുടർന്നാണ് മൂന്നാമത്തെ സീറ്റും ബിജെപി നേടിയത്. അതേസമയം, കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു.നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മറ്റ് മത്സരാർത്ഥികൾ ആരും ഇല്ലാത്തതിനെ തുടർന്ന് മൂന്ന് ബിജെപി സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.
വിജയിച്ച സ്ഥാനാർഥികൾ അവരുടെ തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി.ക്രിമിനിൽ കേസ് മറച്ചുവെച്ചെന്ന ബിജെപി സ്ഥാനാർഥി മഹേഷ് കേവതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റിട്ടേണിങ് ഓഫീസർ കോൺഗ്രസ് സ്ഥാനാർഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. ജൂൺ പതിനെട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ 24 സീറ്റുകളിലേക്കാണ് മത്സരം. രാവിലെ 8 മുതൽ വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 5 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.

