Kaumudi Plus

വിമത തൃണമൂല്‍ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും

വിമത തൃണമൂല്‍ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും
X

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ 20 പേരടങ്ങുന്ന വിമത ലോക്‌സഭാ എംപിമാരുടെ വിഭാഗം നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും. ത്രിപുരയിൽ നിന്നുള്ള, ബംഗാളി ആഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് കത്ത് സമർപ്പിച്ച ശേഷം, വിമത വിഭാഗത്തെ നയിക്കുന്ന കാകോലി ഘോഷ് ദസ്തിദാർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്‌സഭയിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഈ കത്ത് സമർപ്പിച്ചിരിക്കുന്നത്.തങ്ങൾ പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും വിമത വിഭാഗം അറിയിച്ചു.

'ഞങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. ഞങ്ങൾ എൻഡിഎയുടെ ഭാഗമാകുകയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുകയും ചെയ്യും,'- അവർ കൂട്ടിച്ചേർത്തു. ലോക്‌സഭയിൽ 28 എംപിമാരുള്ള തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി ഈ നീക്കത്തോടെ കൂടുതൽ രൂക്ഷമാകും. ഒപ്പം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭയിലെ പ്രതിപക്ഷത്തിന്റെ അംഗബലം വൻതോതിൽ കുറയാനും ഇത് ഇടയാക്കും.

ഒരു പ്രത്യേക ബ്ലോക്ക് രൂപീകരിക്കുമ്പോൾ ഉണ്ടാകാനിടയുള്ള നിയമപരമായ സങ്കീർണ്ണതകൾ ഒഴിവാക്കാനാണ് ലയന തീരുമാനം എടുത്തതെന്നാണ് വിവരം. അയോഗ്യത ഭീഷണി പൂർണ്ണമായി ഒഴിവാക്കാനാണ് ഈ പുതിയ നീക്കം. 'ഞങ്ങൾ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കും. ഇതൊരു പ്രാദേശിക പാർട്ടിയാണ്'- സുദീപ് ബന്ദോപാധ്യായ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന, ഒടുവിലായി വിമത ചേരിയിലേക്ക് മാറിയ എംപിമാരിൽ ഒരാളാണ് സുദീപ് ബന്ദോപാധ്യായ.

Next Story
Share it