റബ്ബർ താങ്ങുവില 250 രൂപയാക്കും, വനിതകൾക്കായി കൃഷി സഖി പദ്ധതി; മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി കൂട്ടി

തിരുവനന്തപുരം: നിലവിൽ200 രൂപയായിരുന്ന റബർ താങ്ങുവില 250 രൂപയാക്കി ഉയർത്തുമെന്ന് സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപനം . നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കർഷകർക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. കൃഷി സഖി വനിത കർഷക വികസന പദ്ധതി നടപ്പാക്കും. കാർഷിക മേഖലയിൽ വനിതകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പ്രോത്സാഹന നടപടികൾ സ്വീകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. വയനാട്, ഇടുക്കി ജില്ലകളുടെ സമഗ്ര വികസനത്തിന് ബജറ്റിൽ പാക്കേജ് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി കൂട്ടിയതായും വി ഡി സതീശൻ അറിയിച്ചു.
അഞ്ചു വർഷത്തിനകം ലോക മാരിടൈം ഭൂപടത്തിൽ കേരളത്തെ വൻ ശക്തിയാക്കാൻ മിഷൻ സമുദ്ര നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേരളത്തെ ഒരു പോർട്ട് സിറ്റിയായാണ് വിഭാവനം ചെയ്യുന്നത്. റോഡ്, റെയിൽ, സമുദ്രം ഉൾനാടൻ ജലപാതകൾ , നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവയെയെല്ലാം ബന്ധിപ്പിച്ച് കൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി കന്നിബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

