Friday 29 September 2023




ദീര്‍ഘകാലം ഭരിച്ചവര്‍ ഒന്നും ചെയ്തില്ല ; കോണ്‍ഗ്രസിനെ ആഞ്ഞടിച്ച് മോദി

By Ameena Shirin s.10 Jun, 2022

imran-azhar

 കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘകാലം ഭരിച്ചിട്ടും ആദിവാസി മേഖലകളുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. കഠിനാധ്വാനം ആവശ്യമുള്ള മേഖലയെ പൂര്‍ണമായി അവഗണിച്ചു.

 

ബിജെപി എക്കാലവും പാവപ്പെട്ടവര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രിയുടെ അഹമ്മദാബാദ് സന്ദര്‍ശനം തുടരുകയാണ്.

 

'വോട്ടിന് വേണ്ടിയോ, തെരഞ്ഞെടുപ്പ് ജയത്തിനോ വേണ്ടിയല്ല ബിജെപി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ്. ദീര്ഘകാലം രാജ്യം ഭരിച്ചവര്‍ ആദിവാസി മേഖലകളുടെ വികസനത്തിന് താല്‍പര്യം കാണിച്ചിരുന്നില്ല. കഠിനാധ്വാനം നടത്താനുള്ള മടിയാണ് ഇതിന് കാരണം.

 

'' ഖുദ്വേലില്‍ 3,050 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടല്‍ ചടങ്ങിനും ശേഷം നടന്ന ഗുജറാത്ത് ഗൗരവ് അഭിയാന്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

 

വാക്‌സിനേഷന്‍ പോലുള്ള പ്രചാരണങ്ങള്‍ ആദിവാസികള്‍ താമസിക്കുന്ന വനമേഖലകളില്‍ എത്താന്‍ മാസങ്ങള്‍ എടുക്കുമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി.

 

വൈദ്യുതി, വെള്ളം, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം, എല്ലാ തരത്തിലുമുള്ള കണക്റ്റിവിറ്റി പദ്ധതികള്‍ ആദിവാസി മേഖലകളില്‍ കൂടുതലായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.