By Greeshma Rakesh.28 May, 2023
ന്യൂഡല്‍ഹി:പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഷാറുഖ് ഖാന്‍, അക്ഷയ് കുമാര്‍, രജനികാന്ത് എന്നിവര്‍. പ്രധാനമന്ത്രി നേരത്തെ ട്വിറ്ററില്‍ പങ്കിട്ട പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വിഡിേയായില്‍, വോയ്സ്ഓവര്‍ ചേര്‍ത്താണ് ഷാറുഖ് ഖാനും അക്ഷയ് കുമാറും അഭിനന്ദിച്ചത്.
അതെസമയം,ചെങ്കോല്‍ സ്ഥാപിക്കുന്നതില്‍ രജനികാന്തും നന്ദി അറിയിച്ചു. മൂവരുടെയും അഭിനന്ദന ട്വീറ്റിനോട് പ്രതികരിച്ച പ്രധാനമന്ത്രി, പുതിയ മന്ദിരം 'ജനാധിപത്യ ശക്തിയുടെയും പുരോഗതിയുടെയും പ്രതീകമാണ്' എന്നും കൂട്ടിച്ചേര്‍ത്തു.
''പുതിയ പാര്‍ലമെന്റ് മന്ദിരം. ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ ഭവനമാണ്. ഈ പുതിയ വീട് വളരെ വലുതായിരിക്കട്ടെ, അതില്‍ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഉള്ള എല്ലാവര്‍ക്കും ഇടമുണ്ട്. പുതിയ വീട് എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെയും ആശ്ലേഷിക്കട്ടെ. ജനാധിപത്യത്തിന്റെ ആത്മാവ് അതിന്റെ പുതിയ ഭവനത്തില്‍ ദൃഢമായി നിലകൊള്ളട്ടെ''- ഷാറുഖ് ഖാന്‍ ട്വീറ്റ് ചെയ്തു.
'ഇന്ത്യയുടെ വളര്‍ച്ചയുടെ ചരിത്രത്തിന്റെ പ്രതീകം' എന്നാണ് അക്ഷയ് കുമാര്‍ വിശേഷിപ്പിച്ചത്. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ പുരോഗതിയില്‍ അഭിമാനിക്കുന്നതിനാല്‍ തനിക്ക് സന്തോഷം അടക്കാനാകില്ലെന്നും അദ്ദേഹം വിഡിയോയില്‍ പറഞ്ഞു. ഡല്‍ഹിയിലെ ബാല്യകാലം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''ഞാന്‍ മാതാപിതാക്കളോടൊപ്പം ഇന്ത്യാ ഗേറ്റ് സന്ദര്‍ശിക്കുമ്പോള്‍, ചുറ്റുമുള്ള മിക്ക കെട്ടിടങ്ങളും ബ്രിട്ടിഷുകാര്‍ നിര്‍മിച്ചതാണ്. എന്നാല്‍ ഇതൊരു പുതിയ ഇന്ത്യയാണ്. എന്റെ ഹൃദയം അഭിമാനത്താല്‍ നിറഞ്ഞിരിക്കുന്നു. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രവും പുതിയ ഇന്ത്യയുടെ പ്രതീകവുമാണ്. ഇന്ന് അഭിമാനത്തിന്റെ നിമിഷം''.
''തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ തിളങ്ങുമെന്നും പ്രധാനമന്ത്രിയോട് ആത്മാര്‍ഥമായ നന്ദി''യെന്നും രജനികാന്ത് തമിഴില്‍ ട്വീറ്റ് ചെയ്തു. ട്വീറ്റിനോട് തമിഴില്‍ പ്രതികരിച്ച പ്രധാനമന്ത്രി, തമിഴ്നാടിന്റെ മഹത്തായ സംസ്‌കാരത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.