നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; കേന്ദ്രമന്ത്രിമാര്‍ ആശുപത്രിയിലെത്തി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന വിദ്യാഭ്യാസ പരിഷ്‌കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ട നിരാഹാര സമരമാണ് സോനം വാങ്ചുക് അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയുടെയും ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.ഗുരുഗ്രാം മെദാന്ത ആശുപത്രിയിൽ ജിതേന്ദ്ര സിങ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ സഹായിക്കുന്നതും ജെ പി നഡ്ഡ അദ്ദേഹത്തിന് വെള്ളം നൽകുന്നതുമായ ദൃശ്യങ്ങൾ പുറത്തു വന്നു. സമരം അവസാനിപ്പിക്കുന്ന സമയത്ത് വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ അടുത്തുണ്ടായിരുന്നു. സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാർ വാങ്ചുകിനെ സന്ദർശിച്ചതും നിരാഹാരസമരം ഒത്തുതീർപ്പായതും.
നീണ്ട ചർച്ചകൾക്കൊടുവിലാണ് താൻ ഉപവാസം അവസാനിപ്പിച്ചതെന്ന് വാങ്ചുക് പറഞ്ഞു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ തന്നെ സന്ദർശിക്കുകയോ സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയോ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പോരാട്ടമാണ് തന്റെ രീതിയെന്നും അനുയായികൾ യാതൊരുവിധ അക്രമങ്ങളിലും ഏർപ്പെടരുതെന്നും അദ്ദേഹം പ്രത്യേകം അഭ്യർത്ഥിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കർശനമായ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് കോടതികളും കടുത്ത ശിക്ഷാ നടപടികളും ഉൾപ്പെടുന്ന പുതിയ നിയമം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭ ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സെക്രട്ടറി തലത്തിൽ വലിയ തോതിലുള്ള ഉദ്യോഗസ്ഥ അഴിച്ചുപണിയും സർക്കാർ നടത്തിക്കഴിഞ്ഞു. വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ജൂൺ 28ന് ജന്തർ മന്തറിൽ വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചു. ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വാങ്ചുക് നിരാഹാര സമരം നടത്തിയത്. വാങ്ചുക് ഉപവാസം അവസാനിപ്പിച്ചെങ്കിലും കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധം തുടരുമെന്നാണ് സൂചനകൾ.

