Friday 29 September 2023




പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; പ്രത്യേക സ്റ്റാമ്പും 75 രൂപ നാണയവും പുറത്തിറക്കി

By Greeshma Rakesh.28 May, 2023

imran-azhar

 

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണക്കായി പ്രത്യേക തപാല്‍ സ്റ്റാമ്പും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാചേംബറില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്.

 

75 രൂപ നാണയത്തിന്റെ ഭാരം 34.65-35.35 ഗ്രാം വരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യവകുപ്പ് നോട്ടീസില്‍ വ്യക്തമാക്കി.അശോകസ്തംഭത്തിന്റെ മുകള്‍ വശത്തെ സിംഹചിഹ്നമാണ് നാണയത്തിന്റെ ഒരുവശത്ത് മധ്യഭാഗത്തായി പതിച്ചിട്ടുള്ളത്, ഭാരത് എന്ന് ദേവനാഗരി ലിപിയിലും ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്.

 

കൂടാതെ രൂപയുടെ ചിഹ്നവും 75 എന്ന അക്കവും രേഖപ്പെടുത്തിയിരിക്കുന്നു.നാണയത്തിന്റെ മറുവശത്ത് പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിന്റെ ചിത്രവും അതിന് താഴെയായി 2023 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.