Friday 29 September 2023




അരിക്കൊമ്പന്‍ വിരണ്ടോടാന്‍ കാരണം വാഴത്തോപ്പില്‍ തീയിട്ടത്: തമിഴ്നാട് വനം മന്ത്രി

By Greeshma Rakesh.28 May, 2023

imran-azhar

 

ചെന്നൈ: കാട്ടാനയായ അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ എത്തിയാന്‍ മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്നാട് വനം മന്ത്രി ഡോ മതിവേന്തന്‍. ശനിയാഴ്ച്ച രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പില്‍ തീയിട്ടത് കൊണ്ടാണ്.

 

അരിക്കൊമ്പനെ പിടിക്കാന്‍ പല സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം 150 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിലവില്‍ കൂത്തനാച്ചി വന മേഖലയിലാണ് അരിക്കൊമ്പനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്പത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ആനയുടെ സഞ്ചാരപഥം മുഴുവന്‍ സമയവും നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലയില്‍ എത്തുമ്പോള്‍ ശബ്ദം കേട്ടും മറ്റുമാണ് ആന വിരളുന്നത്. അരിക്കൊമ്പന്‍ ദൗത്യത്തിനായി അഞ്ച് പേര്‍ അടങ്ങുന്ന ഡാര്‍ടിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അരിക്കൊമ്പന്‍ തിരികെ ജനവാസ മേഖലയില്‍ എത്തിയാല്‍ മയക്കു വെടിവച്ചു പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ ഉള്‍വനത്തിലേക്ക് ആനയെ തുരത്തും. മേഘമല ഭാഗത്തേക്ക് ആണ് ആന സഞ്ചരിക്കുന്നതെന്നാണ് വിവരം.

 

മുന്‍പ് മയക്കുവെടി വച്ചതിനാല്‍ അത് കൂടി കണക്കില്‍ എടുത്തായിരിക്കും വീണ്ടും മയക്കുവെടി വെക്കുമ്പോള്‍ മരുന്നിന്റെ അളവ് നിര്‍ണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.