Kaumudi Plus

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഇന്നും കസേരകളി തുടർന്നു;കസേര വിട്ടുനൽകില്ലെന്ന നിലപാടിൽ ഡോക്ടർ മീനാക്ഷി

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഇന്നും കസേരകളി തുടർന്നു;കസേര വിട്ടുനൽകില്ലെന്ന നിലപാടിൽ ഡോക്ടർ മീനാക്ഷി
X

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെച്ചൊല്ലി ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം തുടരുന്നു. തനിക്ക് അനുകൂലമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ( കെഎടി) ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാൻ ഡോ. കെ ജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തി. അതിനിടെ സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ചുമതല ഏറ്റെടുത്ത ഡോ. വി മീനാക്ഷ ഭരണം തുടങ്ങി. വകുപ്പിലെ ദീർഘാവധികൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊണ്ട് ഡോ. വി മീനാക്ഷിയുടെ ആദ്യ സർക്കുലർ പുറത്തുവന്നു. സംസ്ഥാനത്ത് പകർച്ചവ്യാധി പടരുന്ന അടിയന്തര സാഹചര്യത്തിലാണ് നിർദേശം.അതിനിടെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി താൻ തള്ളിക്കയറാൻ ഇല്ലെന്ന് റീന പറഞ്ഞു. ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയ റീന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.' കോടതി വിധി അനുസരിച്ചാണ് വന്നത്. ഹൈക്കോടതി വരേണ്ട എന്ന് പറഞ്ഞാൽ സന്തോഷത്തോടെ സ്വീകരിക്കും. ഇപ്പോൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഞാനാണ് ഡിഎച്ച്എസ് എന്ന് പറഞ്ഞിട്ടുണ്ട്. അത് അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്.'- റീന പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയുമായി ബന്ധപ്പെട്ട് മറ്റൊരു ഉത്തരവ് ഇറക്കിയാൽ മാത്രമേ സാങ്കേതികമായി ഡിഎച്ച്എസ് പദവിയിൽ തുടരാൻ കഴിയുകയുള്ളൂ എന്ന സർക്കാർ വാദം ചോദിച്ചപ്പോൾ അത് പറയേണ്ടത് താനല്ലെന്നും കെഎടിയിലാണ് പറയേണ്ടതെന്നും റീന മറുപടി പറഞ്ഞു.

'കോടതി വിധിക്ക് മീതെ നൂലാമാലകൾ ഉണ്ടോ ഇല്ലയോ എന്നെനിക്ക് അറിയില്ല. വിധി നടപ്പിലാക്കിയ ഉദ്യോഗസ്ഥന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം കെഎടിയുടെ വിധിയെയാണ് മറ്റെന്തിനേക്കാളും വില കൊടുക്കുന്നത്. ആരും ഇല്ലാത്തവർക്ക് നീതിന്യായവ്യവസ്ഥ കൂടെ ഉണ്ടാവുമെന്ന് കരുതുന്ന ആളാണ് ഞാൻ. നീതിന്യായവ്യവസ്ഥ പറയുന്നതിൽ മുഴുവനായി കീഴ്‌പ്പെട്ട് നിൽക്കുന്ന ഉദ്യോഗസ്ഥയാണ് ഞാൻ. അതിന് മുകളിൽ സാങ്കേതികത്വം ഉണ്ടോ എന്ന് പറയേണ്ടത് കെഎടിയാണ്. ഞാനല്ല'- റീന കൂട്ടിച്ചേർത്തു.'ഒരു പ്രത്യേക സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്ന ശീലം എനിക്ക് പണ്ടുമുതലേ ഇല്ല, ഇപ്പോഴുമില്ല. ഈ ഓഫീസിലെ ക്ലർക്കുമാരുടെ സീറ്റിലും ഞാൻ ഇരുന്നിട്ടുണ്ട്. മറ്റു ഉദ്യോഗസ്ഥരുടെ സീറ്റിലും ഇരുന്നിട്ടുണ്ട്. എനിക്ക് എവിടെയെങ്കിലും ഇരിക്കാൻ സാധിച്ചാൽ എന്റെ കുറെയധികം പെന്റിങ് വർക്കുകൾ ഉണ്ട്. അത് ഞാൻ തീർക്കും. തീർച്ചയായി ഞാൻ തള്ളിക്കയറാൻ ഉദ്ദേശിക്കുന്നില്ല. മറ്റൊരാളാണ് ഡിഎച്ച്എസ് എന്ന് സർക്കാർ പറയുന്നു. ആ ഡിഎച്ച്എസിനോട് നിർദേശങ്ങൾ ഉണ്ടാവും. ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം അസന്നിഗ്ധ ഘട്ടമാണ്. ഈ സമയത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മുന്നോട്ടുപോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഒരു കല്ലുകടിയായി ഇടയിൽ കയറി തള്ളിക്കയറാൻ ഞാനില്ല. പെന്റിങ് വർക്ക് പൂർത്തിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ആരോഗ്യവകുപ്പ് നീണ്ട് പരന്ന് കിടക്കുന്ന വകുപ്പാണ്. എനിക്ക് ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കുന്നുണ്ട്'- കെ ജെ റീന വ്യക്തമാക്കി.

Next Story
Share it