By Greeshma Rakesh.25 Mar, 2023
പത്തനംതിട്ട: വെട്ടൂരില്‍ 100 മീറ്റര്‍ അകലത്തിലുള്ള രണ്ടു വീടുകളില്‍ നിന്നായി 9 പവന്‍ സ്വര്‍ണവും 2.10 ലക്ഷം രൂപയും കവര്‍ന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നിനും മൂന്നിനും മധ്യേ ആശാരിപ്പറമ്പില്‍ അരുണ്‍ പ്രതാപ്, ശാസ്താംതുണ്ടില്‍ അനീഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
അരുണിന്റെ വീട്ടില്‍ നിന്ന് ഭാര്യയുടെ താലിമാലയും 2 മാലകളും ഒരു ജോടി കമ്മലും ഉള്‍പ്പെടെ 6 പവനോളം സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. അനീഷ്‌കുമാറിന്റെ വീട്ടില്‍ നിന്ന് ഒരു മാലയും 2 ജോടി കമ്മലും ഉള്‍പ്പെടെ 3 പവനോളം സ്വര്‍ണാഭരണങ്ങളും 2.10 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. രണ്ടു വീടുകളിലേയും കിടപ്പു മുറികളുടെ തുറന്നിട്ട ജനാലകള്‍വഴിയാണ് മോഷണം നടന്നത്.
അരുണിന്റെ വീട്ടില്‍ കിടപ്പു മുറിയിലെ മേശപ്പുറത്ത് ഊരിവച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അരുണിന്റെ ഭാര്യ രാവിലെ 6 മണിക്ക് ഉണര്‍ന്നു നോക്കിയപ്പോഴാണ് ആഭരണങ്ങള്‍ കാണാനില്ലെന്ന് മനസ്സിലായത്.
അതെ സമയം അനീഷിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ വാതില്‍ ഇല്ലാത്ത അലമാരയില്‍ വച്ചിരുന്ന ബാഗുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്.രാവിലെ മൂന്നു മണിയോടെ അനീഷ് ഉണര്‍ന്നു നോക്കിയപ്പോള്‍ ബാഗുകള്‍ മുറിക്കുള്ളില്‍ തുറന്ന നിലയില്‍ കിടക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്.
ബാഗില്‍ ഉണ്ടായിരുന്ന ബാങ്ക് പാസ് ബുക്ക് ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കള്‍ ജനാലയുടെ പുറത്ത് ചിതറിക്കിടക്കുന്നുണ്ടായിരുന്നു.മലയാലപ്പുഴ പൊലീസിന്റെ നേതൃത്വത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.
മോഷണം നടന്ന രണ്ട് വീടുകളിലെയും ആളുകള്‍ രാത്രി ഉറങ്ങാന്‍ കിടന്നത് പുലര്‍ച്ചെ ഒരു മണിയോടെയാണ്. ഇതില്‍ ശാസ്താംതുണ്ടില്‍ അനീഷ് കുമാര്‍ പുലര്‍ച്ചെ മൂന്നിന് ഉണരുകയും ചെയ്തു. എന്നാല്‍ അതിനുള്ളില്‍ മോഷണം നടന്നുകഴിഞ്ഞിരുന്നു. അതേസമയം മോഷണം നടന്ന വീടുകള്‍ക്ക് സമീപത്തുള്ള കവലയിലെ സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ 2.03ന് വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച ഒരാള്‍ കയ്യില്‍ കവറുമായി ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപത്തേക്ക് നടന്നു വരുന്നതായി കാണുന്നുണ്ട്. ഇയാളുടെ കാലില്‍ മുറിവ് കെട്ടിവച്ചതുപോലെയുള്ള ഒരു കെട്ടുമുണ്ട്.
എന്നാല്‍ അവിടെ നിന്ന് അയാള്‍ മറ്റെവിടേക്കും പോയതായി ദൃശ്യങ്ങളില്‍ ഇല്ല. ഇയാള്‍ രണ്ടും വീടുകളിലും മോഷണം നടത്തിയശേഷം സമീപത്തെ കൃഷിടിയത്തിന് നടുവിലുള്ള തോടിന്റെ വരമ്പിലൂടെ നടന്ന് റോഡില്‍ എത്തിയതാകാമെന്നാണ് നാട്ടുകാരുടെ സംശയം. പൊലീസ് നായയും ഈ വഴികളിലൂടെയാണ് സഞ്ചരിച്ചത്.
അതെ സമയം ആഭരണങ്ങളും പണവും അപഹരിക്കാന്‍ മോഷ്ടാക്കള്‍ ആയുധമാക്കിയത് സമീപ വീട്ടിലെ തോട്ടിയാണ്. മോഷണം നടന്ന ഇരു വീടുകളിലും ചൂട് കാരണം കിടപ്പുമുറികളുടെ ജനാലകള്‍ തുറന്നിട്ടിരുന്നു. ഈ ജനാലകള്‍ വഴിയാണ് മോഷ്ടാക്കള്‍ ആഭരണങ്ങളും പണവും അപഹരിച്ചത്. സമീപ വീട്ടിലെ തോട്ടിയുടെ ഭാഗങ്ങള്‍ മോഷണം നടന്ന അരുണിന്റെ വീടിനിന്റെ ജനാലയ്ക്കു പുറത്തു നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അനീഷ് കുമാറിന്റെ വീടിന്റെ ജനല്‍പാളികളില്‍ ഇലകള്‍ പറ്റിപിടിച്ച് ഇരുപ്പുണ്ടായിരുന്നു. ഇവിടെയും കമ്പുകളോ മറ്റോ ഉപയോഗിച്ച് ബാഗുകള്‍ ജനാലയുടെ ഭാഗത്തേക്ക് അടുപ്പിച്ച ശേഷം പണവും ആഭരണങ്ങളും കൈക്കലാക്കിയതാകാമെന്നാണ് പൊലീസ് നിഗമനം.
എന്നാല്‍, അലമാരക്കുള്ളില്‍ 3 ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരങ്ങളും സമീപത്തുണ്ടായിരുന്ന തുണിയുള്‍പ്പെടെ മറ്റൊന്നിനും അനക്കമുണ്ടാക്കാതെ ജനാലവഴി എങ്ങനെ കൈക്കലാക്കി എന്നതിലാണ് പൊലീസിന് സംശയം.
ചിട്ടി പിടിച്ച 2 ലക്ഷം രൂപ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് ബാങ്കില്‍ നിന്ന് പിന്‍വലിച്ച് വീട്ടില്‍ കൊണ്ടുവന്നത്. അതേ ബാഗില്‍ തന്നെയായിരുന്നു പണം സൂക്ഷിച്ചിരുന്നതും. ആ ബാഗിലും സമീപത്തുണ്ടായിരുന്ന മറ്റ് 2 ബാഗുകളിലും ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്.