Wednesday 16 June 2021




അവർ ആ കൈകളിൽ സുരക്ഷിതർ, തെരുവ് ജീവിതങ്ങൾക്ക് കൈത്താങ്ങായി നഗരസഭ

By Sooraj Surendran.13 May, 2021

imran-azhar

ഫോട്ടോ: ആഷിക് എസ്.ആർ 

 

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വഴിയാധാരമായ തെരുവ് ജീവിതങ്ങൾക്ക് കൈത്താങ്ങായി നഗരസഭ. അട്ടകുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ഇവിടെ വെള്ളം കയറിയതോടെ എസ്.എം.വി സ്‌കൂളിലേക്കും, അവിടെ നിന്ന് ഇന്നലെ സെന്റ് ജോസഫ് സ്‌കൂളിലേക്കും മാറ്റുകയായിരുന്നു.

 

തമ്പാനൂർ, കിഴക്കേക്കോട്ട, ശ്രീകണ്ഡേശ്വരം എന്നിവിടങ്ങളിൽ തെരുവിൽ അലഞ്ഞു നടക്കുന്നവർക്കാണ് ലോക്ക്ഡൗൺ സമയത്ത് നഗരസഭ സംരക്ഷണം ഒരുക്കുന്നത്. 190 പേരാണ് നിലവിൽ നഗരസഭയുടെ സംരക്ഷണത്തിലുള്ളത്. ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ അവർക്കാവശ്യമായ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവ നഗരസഭ ഒരുക്കി നല്‍കും.

 

"എന്റെ സൈക്കിളും, ലോട്ടറി ടിക്കറ്റുകളും വെള്ളക്കെട്ടിൽ മുങ്ങിക്കിടക്കുന്നു. രണ്ട് കാലിനും സ്വാധീനമില്ല. ലോട്ടറി കച്ചവടം മാത്രമാണ് ഉപജീവനമാർഗം. ഇനി എന്ത് ചെയ്യണമെന്നറിയില്ല." ലോട്ടറി കച്ചവടക്കാരനായ കൃഷ്ണമൂർത്തി പറയുന്നു. ചെന്നൈ വെളിപ്പുറം സ്വദേശിയായ കൃഷ്ണമൂർത്തി തിരുവനന്തപുരത്തെത്തിയിട്ട് 11 വർഷമായി. തുരുമ്പെടുത്ത സൈക്കിളിൽ ലോട്ടറി വിറ്റാണ് അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. ഇങ്ങനെ കണ്ണുനിറയ്ക്കുന്ന നിരവധി തെരുവ് ജീവിതങ്ങളാണ് നഗരസഭയുടെ സംരക്ഷണത്തിൽ സെന്റ് ജോസഫ് സ്‌കൂളിൽ കഴിയുന്നത്. അംഗപരിമിതരും, ഭിന്നശേഷിക്കാരും ഇതിൽ പെടുന്നു.