Friday 29 September 2023




അഴിമതി പരാതികള്‍ ഈ ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം; പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ നിലവില്‍ വരും

By priya.10 Jun, 2023

imran-azhar

 

തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ അഴിമതി തടയാന്‍ പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ ഇന്ന് നിലവില്‍ വരും.

 

കൈക്കൂലി, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു വരെ വിളിക്കാം.

 

ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുമ്പോള്‍ വോയ്സ് ഇന്ററാക്ടീവ് നിര്‍ദ്ദേശ പ്രകാരം ആദ്യം സീറോ ഡയല്‍ ചെയ്താല്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

 

സംശയ നിവാരണത്തിന് ഒന്നും അഴിമതികളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് രണ്ടും ഡയല്‍ ചെയ്താല്‍ രജിസ്റ്റര്‍ ചെയ്യാനാകും.അഴിമതി സംബന്ധിച്ച പരാതികള്‍ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധിക്കാന്‍ ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

 

അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ തന്നെ നിലവില്‍ വരും. നിലവിലുള്ള റവന്യു ടോള്‍ ഫ്രീ സംവിധാനം പരിഷ്‌കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികള്‍ കൂടി അറിയിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിട്ടുള്ളത്.

 

പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് റവന്യു വകുപ്പിലെ അഴിമതി തടയുന്നതിനു സമഗ്ര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരാതികള്‍ അറിയിക്കുന്നതിന് ടോള്‍ ഫ്രീ സൗകര്യം ഏര്‍പ്പെടുത്തിയത്.