By Greeshma Rakesh.24 Mar, 2023
കൊളറാഡോ : യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പരസ്യത്തിലൂടെ ലോകപ്രശംസ പിടിച്ചുപറ്റിയ ട്രാന്‍സ് എയര്‍ഹോസ്റ്റസ് കെലെയ്ഗ് സ്‌കോട്ട് ജീവനൊടുക്കിയെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത് അമ്മ ആന്‍ഡ്രിയ സില്‍വെസ്‌ട്രോയാണ്. തിങ്കളാഴ്ചയാണ് കൊളറാഡോയിലെ വീട്ടില്‍ 25 കാരിയായ സ്‌കോട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
''ഞാന്‍ ഭൂമിയില്‍നിന്നു വിട പറയുകയാണ്. ഞാന്‍ കാരണം നിരാശരായവരോടു മാപ്പ് ചോദിക്കുന്നു. നല്ലൊരു വ്യക്തിയാകാനോ കൂടുതല്‍ ശക്തയാകാനോ കഴിയാത്തതില്‍ എനിക്കു ഖേദമുണ്ട്. ഞാന്‍ ഈ ലോകം വിടുന്നത് നിങ്ങള്‍ കാരണമല്ല, എന്നെ മികച്ച വ്യക്തിയാക്കാനുള്ള എന്റെ കഴിവില്ലായ്മയുടെ ഫലമാണെന്നു മനസ്സിലാക്കുക''- ജീവനൊടുക്കുന്നതിനു മുന്‍പ് കെലെയ്ഗ് സ്‌കോട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഈ കുറിപ്പില്‍, ആ ട്രാന്‍സ് യുവതി നടന്നുതീര്‍ത്ത സങ്കടവഴികളും വിഷാദദൂരങ്ങളും കാണാന്‍ സാധിക്കും. വിങ്ങലോടെയാണ് ലോകം ആ കുറിപ്പു വായിച്ചു തീര്‍ത്തത്.
സ്‌കോട്ട് അവസാനമായി പങ്കുവച്ച വികാരഭരിതമായ കുറിപ്പില്‍, അവള്‍ക്കു പ്രിയപ്പെട്ടവരുടെയെല്ലാം പേര് എടുത്തുപറയുന്നുണ്ട്. അവരോട്, തനിക്കൊപ്പമുള്ള ഓര്‍മകള്‍ എന്നും ഓര്‍ക്കാനും അടുത്ത ജന്മത്തില്‍ കണ്ടുമുട്ടാമെന്നും അവള്‍ പറയുന്നു.
''നീ എന്റെ മകളായതില്‍ ഞാന്‍ അഭിമാനിക്കുന്നു. നീ ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ അദ്ഭുതകരവും അഭിമാനകരവുമാണ്. എത്ര മനോഹരമാണ് നിന്റെ ചിരി. മറ്റുള്ളവരേക്കാള്‍ എത്രയോ വലുതായിരുന്നു നിന്റെ മനസ്സ്.''- മകളുടെ മരണ വാര്‍ത്ത അറിയിച്ച്, ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ അമ്മ ആന്‍ഡ്രിയ എഴുതി.
2020 ലെ ട്രാന്‍സ് ദിനത്തിലാണ്, തങ്ങളുടെ ജീവനക്കാരി കൂടിയായ കെലെയ്ഗ് സ്‌കോട്ടിന്റെ ജീവിതകഥ യുണൈറ്റഡ് എയര്‍ലൈന്‍സ് പുറത്തുവിട്ടത്. എയര്‍ഹോസ്റ്റസായി ട്രാന്‍സ് യുവതിയെ നിയോഗിച്ചതില്‍ എയര്‍ലൈന്‍സിനെ നിരവധിപ്പേര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
വിഷാദരോഗത്തിന് അടിമപ്പെട്ടതായി സ്‌കോട്ട് മുന്‍ പോസ്റ്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023 തനിക്ക് മികച്ചതാകുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു.സ്‌കോട്ടിന്റെ വിയോഗത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.