Friday 29 September 2023




അതീഖ് അഹമ്മദിന്റെ കണ്ടുകെട്ടിയ ഭൂമിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫ്‌ലാറ്റുകള്‍; ഭവനരഹിതര്‍ക്ക് നല്‍കി യുപി സര്‍ക്കാര്‍

By priya.10 Jun, 2023

imran-azhar

 

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് മരിച്ച ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ പക്കല്‍ നിന്ന് കണ്ടുകെട്ടിയ ഭൂമിയില്‍ 76 ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ച് പകുതി വില ഈടാക്കി ഭവനരഹിതര്‍ക്കു നല്‍കി യുപി സര്‍ക്കാര്‍.

 

'നഗരത്തില്‍ അതീഖ് അഹമ്മദിന്റെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന പ്രദേശത്തെ ഭൂമി കണ്ടുകെട്ടി. ഇപ്പോള്‍ അവിടെ 76 ഫ്‌ലാറ്റുകള്‍ നിര്‍മിച്ചിരിക്കുകയാണ്.' പ്രയാഗ് രാജ് വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ അരവിന്ദ് ചൗഹാന്‍ പറഞ്ഞു.


സംവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ലാറ്റുകള്‍ നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍, മറ്റു പിന്നാക്ക സമുദായക്കാര്‍, അംഗവൈകല്യമുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കാണ് കുടുതല്‍ പരിഗണന നല്‍കുന്നത്.

 

ഫ്‌ലാറ്റുകളില്‍ ബെഡ്‌റൂം, ലിവിങ് റൂം, അടുക്കള, ബാല്‍ക്കണി, പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയെല്ലാമുണ്ട്.ആറ് ലക്ഷം രൂപ വിലമതിക്കുന്നതാണ് ഫ്‌ലാറ്റുകള്‍. ഇതില്‍ മൂന്നരലക്ഷം രൂപ ആളുകളില്‍ നിന്ന് ഈടാക്കും.

 

കേന്ദ്രസര്‍ക്കാര്‍ 1.5 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും സബ്സിഡിയായി നല്‍കും.ഏപ്രിലില്‍ പ്രയാഗ്‌രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിടെയാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവച്ച് കൊന്നത്.

 

ലവ്ലേഷ് തിവാരി (22), മോഹിത് (സണ്ണി 23), അരുണ്‍ മൗര്യ (18) എന്നിവരെ സംഭവസ്ഥലത്തു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് പ്രതികള്‍ കൊലനടത്തിയത്.