ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെപ്രവൃത്തികള്‍ ഗുണനിലവാരമുള്ളത് ;പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ഊരാളുങ്കലിന് കരാറുകൾ നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ പറഞ്ഞു. ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒരു പ്രവൃത്തിയും അനുവദിച്ചിട്ടില്ലെന്നും എല്ലാ പദ്ധതികളിലും ഗുണനിലവാര പരിശോധന കർശനമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി.ഗുണനിലവാരവുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. കൂടുതൽ പ്രവൃത്തികൾ ഏറ്റെടുത്തതിനാൽ ചില വർക്കുകൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയരായവർക്ക് തൊഴിൽ നൽകുന്നില്ലെന്ന ആരോപണവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.വകുപ്പിന്റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റിക്ക് നൽകിയ കരാറിന്റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഗുണനിലവാരമുള്ള പ്രവർത്തനങ്ങളാണ് ഊരാളുങ്കലിന് കൂടുതൽ കരാറുകൾ ലഭിക്കാൻ കാരണമായതെന്നും, വർക്ക് ലോഡ് വർധിച്ചതാണ് ഇപ്പോഴുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
പത്തുവർഷംകൊണ്ട് ഊരാളുങ്കൽ സൊസൈറ്റിക്ക് ഒരുപാട് വർക്കുകൾ കിട്ടുന്നതുകൊണ്ട് പ്രവൃത്തികൾ ഊരാളുങ്കലിന്റെ കുത്തകയായി മാറുന്നു എന്ന നിരീക്ഷണമുണ്ടെന്നും വർക്കുകൾ നിജപ്പെടുത്തുമോയെന്ന വിടി ബൽറാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പികെ ബഷീർ മറുപടി നൽകി.

