Thursday 13 May 2021




രമേശ് ചെന്നിത്തല സ്ഥാനം ഒഴിയും; വി.ഡി. സതീശന്‍ പുതിയ പ്രതിപക്ഷ നേതാവ്

By Aswany Mohan K.04 May, 2021

imran-azhar

 


തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തല്‍സ്ഥാനം ഒഴിയും.

 

കെപിസിസി വൈസ് പ്രസിഡന്റും മികച്ച നിയമസഭാ സാമാജികനുമായ വി.ഡി. സതീശനാകും പുതിയ പ്രതിപക്ഷ നേതാവ്.

 

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെന്നിത്തല തന്നെ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഉണ്ടെങ്കിലും അവരാരുംതന്നെ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാന്‍ തയാറല്ല.

 

സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ രമേശ് ചെന്നിത്തല കൊണ്ടുവന്നെങ്കിലും അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല.പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല പാടേ പരാജയമായിരുന്നുവെന്ന് തിരഞ്ഞെടുപ്പിനു മുമ്പുതന്നെ ആരോപണമുണ്ടായിരുന്നു.

 

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാവുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും അതൊന്നും നിയമസഭയില്‍ ഉന്നയിക്കാനോ, പ്രതിരോധിക്കാനോ ചെന്നിത്തയ്ക്കായില്ല. ശബരിമല വിഷയത്തില്‍ പോലും കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ ചെന്നിത്തല തയാറായില്ല.

 

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും ചെന്നിത്തലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന അഭിപ്രായവും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.

 

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വന്തം ഗ്രൂപ്പിലെ ആള്‍ക്കാര്‍ക്ക് സീറ്റ് വാങ്ങിക്കൊടുക്കാനായിരുന്നു ചെന്നിത്തലയ്ക്ക് തിടുക്കമെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

 

ഈ തരത്തില്‍ മുന്നണി മുന്നോട്ടു പോകുന്നതിനോട് യുഡിഎഫിലെ രണ്ടാം ഘടകകക്ഷിയായ മുസ്ലിം ലീഗിനും യോജിപ്പില്ല. നിയമസഭയ്ക്കുള്ളിലും പുറത്തും വി.ഡി. സതീശന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നു.

 

മാത്രമല്ല പല കാര്യങ്ങളിലും വിവേകത്തോടെയുള്ള തീരുമാനങ്ങളാണ് സതീശന്‍ കൈക്കൊണ്ടിട്ടുള്ളത്. ഇതൊക്കെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശനെ പരിഗണിക്കാനുള്ള മുഖ്യ ഘടകം.