വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചു . ജനുവരി 29ന് എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കുന്നത് .വികസന പദ്ധതികൾക്ക് ഊന്നൽ നൽകികൊണ്ടുള്ളബജറ്റ് പ്രഖ്യാപനം ആണ് ഇന്ന് നടക്കുന്നത് . സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ് പ്രഖ്യാപനം .ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശൻ ചരിത്രം കുറിക്കാനൊരുങ്ങുമ്പോൾ, കേരളം ഉറ്റുനോക്കുന്നത് സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പുകളാണ്. കേന്ദ്രത്തിൽനിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതിനാൽ വരുമാനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണു സൂചന.
'മിഷൻ സമുദ്ര' അടക്കമുള്ള വമ്പൻ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ഡിഎ വർധന, ശമ്പള പരിഷ്‌കരണം, ക്ഷേമപെൻഷൻ വർധന, ഇന്ദിരാ ഗാരന്റികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ, ഭൂനിയമങ്ങളിൽ പൊളിച്ചെഴുത്ത് തുടങ്ങിയ പ്രഖ്യാപനങ്ങളും കേരളം കാത്തിരിക്കുന്നു. കിഫ്ബിയുടെ തുടർപ്രവർത്തനങ്ങൾ എന്താണെന്നും ബജറ്റിലൂടെ അറിയാം. കിഫ്ബിയിൽ ഭരണതലത്തിലും നിയമനത്തിലും പരിഷ്‌കാരം വരുത്തുമെന്നാണ് സൂചന.

