Friday 30 July 2021




കെണിയൊരുക്കി വിഴിഞ്ഞം തുറമുഖ കവാടത്തെ മൺതിട്ട; ഒടുവിൽ നീക്കം ചെയ്യുന്നു

By Sooraj Surendran.05 Jun, 2021

imran-azhar

 

 

വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തിൽ അപകട ഭീഷണി ഉയർത്തുന്ന മൺതിട്ട നീക്കം ചെയ്തു തുടങ്ങി. 5 ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.

 

പൂന്തുറയിൽ നിന്നും വിഴിഞ്ഞം തീരം വഴി മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ തിരയിൽപ്പെട്ട് മരിച്ചതിന് പിന്നാലെ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം തുറമുഖത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

 

ഇതിന് പിന്നാലെയാണ് നടപടി. വള്ളങ്ങൾ തുറമുഖത്തേക്ക് പ്രവേശിക്കുമ്പോൾ മൺതിട്ട കാരണം തിരയിൽപ്പെട്ട് വള്ളങ്ങൾ മറിയുന്നതായി മത്സ്യത്തൊഴിലാളികൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

 

വിഴിഞ്ഞം തുറമുഖ കവാടത്തിലെ മൺതിട്ടയിൽ അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഈ ഭാഗത്ത് രൂപപ്പെട്ട മൺതിട്ടയാണ് അപകടം വിളിച്ചുവരുത്തുന്നത്. ഈ ഭാഗത്ത് അഴക്കുറവും ഉണ്ടായിട്ടുണ്ട്.

 

തുറമുഖത്തിനുള്ളിൽ പുലിമുട്ടുകൾക്കിടയിൽ രൂപപ്പെടുത്തിയ ബെയ്‌സിൻ ശാന്തമായിരുന്നെങ്കിൽ ഇപ്പോൾ ഇപ്പോൾ ഇവിടെ തിരയടി ശക്തമായിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ മണൽത്തിട്ട മാറ്റി ആഴം കൂട്ടണമെന്നാണ് മാരിടൈം ബോർഡ് അധികൃതരും പറയുന്നത്. ഈ ഭാഗത്ത് അഞ്ച് മീറ്ററിൽ താഴെയാണ് ആഴമുള്ളത്.

 

അദാനി കമ്പനി ഡ്രജറുകൾ തൽക്കാലത്തേക്ക് മുംബൈ ഉൾപ്പെടെയുള്ള തുറമുഖങ്ങളിലേക്ക് മാറ്റിയിരിക്കുന്നതിനാൽ ബദൽ സംവിധാനം വഴിയാണ് മൺതിട്ട നീക്കം ചെയ്യുന്നത്.

 

22 മീറ്റർ ബൂ രുദ്ര 9 എന്ന വിശാലമായ ബാർജിൽ സജ്ജമാക്കി ആണ് നിലവിൽ ദൗത്യം നിർവഹിക്കുന്നത്. പ്രവേശന കവാടത്തിൽ നേരത്തെ ഉണ്ടായിരുന്ന 10 മീറ്റർ ആഴം പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.