By priya.10 Aug, 2022
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ കേസുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളി. കേസ് സിബിഐ തന്നെ പുനരന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു.പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടത് പ്രകാരമാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നുംതന്നെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇല്ലായിരുന്നു. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടികളുടെ മരണത്തിന് മറ്റൊരു കാരണവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ കുറ്റപത്രം തള്ളണമെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.ഇതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങളും നടന്നിരുന്നു. കുട്ടികളുടെ അമ്മയുടെ ആവശ്യവും സര്‍ക്കാരിന്റെ തീരുമാനവും പരിഗണിച്ചാണ് കേസ് സിബിഐ അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.
സിബിഐ ഡമ്മി പരീക്ഷണം അടക്കം നടത്തിയെങ്കിലും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന് സമാനമായ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സിബിഐയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പുനരന്വേഷണം വേണമെന്നാണ് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. കോടതി ഇക്കാര്യം അംഗീകരിച്ചതിന് പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഈ കേസ് അന്വേഷിച്ചാല്‍ മതിയെന്ന ആവശ്യംകൂടി കുട്ടികളുടെ അമ്മ ഉന്നയിച്ചിരുന്നു.