Wednesday 16 June 2021




മാലിന്യ സംസ്‌കരണം താറുമാറായി; ദുർഗന്ധം പരത്തി മാലിന്യക്കൂമ്പാരം

By സൂരജ് സുരേന്ദ്രൻ .10 Jun, 2021

imran-azhar

 

 

തിരുവനന്തപുരം: കൊറോണയും, ബ്ലാക്ക് ഫങ്കസും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ഈ സമയത്തും നഗരത്തിൽ മാലിന്യ സംസ്കരണത്തിന് ഇന്നും ഒരു ശാശ്വത പരിഹാരമില്ല. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ടൺ കണക്കിന് മാലിന്യങ്ങളാണ് കെട്ടിക്കിടക്കുന്നത്. മാലിന്യം നീക്കുന്നത് നിലച്ചതോടെ കരമന പാലത്തിന് സമീപം ഇപ്പോൾ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.

 

വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് സ്വകര്യ കമ്പനികൾക്ക് നൽകിയാണ് അജൈവ മാലിന്യങ്ങൾ സംസ്കരിച്ചുകൊണ്ടിരുന്നത്. ക്ലീൻ കേരള കമ്പനിക്കും, തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകര്യ കമ്പനിക്കുമാണ് മാലിന്യങ്ങൾ നൽകിയിരുന്നത്. ഈ സംവിധാനങ്ങൾ എല്ലാം അടഞ്ഞതോടെയാണ് നഗരത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കാൻ കാരണം.

 

മാത്രമല്ല കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ വീടുകളിൽ പോയി മാലിന്യങ്ങൾ ശേഖരിക്കുന്നതും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകര്യ കമ്പനിയുമായി നഗരസഭയ്ക്കുണ്ടായിരുന്ന കരാർ കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചിരുന്നു. ഇതോടെയാണ് മാലിന്യം നീക്കത്തിൽ തടസം നേരിടുന്നത്. പുതിയ കമ്പനികൾക്കായി ടെൻഡറുകൾ ക്ഷണിച്ചിരുന്നു. 5 കമ്പനികൾ പങ്കെടുത്തെങ്കിലും ആരോഗ്യ സ്ഥിരം സമിതിയിൽ അവതരിപ്പിച്ച അജണ്ട ചില അംഗങ്ങൾ അംഗീകരിക്കാത്തതോടെ വീണ്ടും അനിശ്ചിതത്വത്തിലായി.

 

"കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് 'നമ്പർ വൺ ഏജൻസി' എന്ന സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ കാര്യക്ഷമമായല്ല ഈ കമ്പനിയുടെയും പ്രവർത്തനങ്ങൾ നടക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും തടസമായി. വിഷയം ഹെൽത്ത് ഓഫീസറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. മഴക്കാലത്തിന് മുൻപ് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ" കരമന വാർഡ് കൗൺസിലർ മഞ്ജു ജി.എസ് പറഞ്ഞു. കരമന പാലത്തിന് സമീപം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ രൂക്ഷമായ ദുർഗന്ധവും വമിക്കുകയാണ്. പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ.