Kaumudi Plus

ഡാമുകളില്‍ ജലനിരപ്പ് 25 ശതമാനത്തില്‍ താഴെ;സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

ഡാമുകളില്‍ ജലനിരപ്പ് 25 ശതമാനത്തില്‍ താഴെ;സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും
X

കൊച്ചി: കാലവർഷം ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും വൈദ്യുതി ഉത്പാദനത്തിൽ ആശ്രയിക്കുന്ന പ്രധാന ഡാമുകളിൽ ജലനിരപ്പ് 25 ശതമാനത്തിൽ താഴെ. ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 23.19 ശതമാനം, പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിയുടെ ജലസംഭരണികളായ കക്കി- ആനത്തോട്, കൊച്ചു പമ്പ ഡാമുകളിൽ സംഭരണ ശേഷിയുടെ 21.79 ശതമാനം എന്നിങ്ങനെയാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേസമയം കെഎസ്ഇബി ഡാമുകളിലെ ശരാശരി സംഭരണ നില 52.4 ശതമാനമായിരുന്നു.ഒരുമാസം ലഭിച്ച മഴയുടെ കണക്കെടുത്താൽ സംസ്ഥാനത്ത് ശരാശരിയെക്കാൾ 34 ശതമാനം കുറവാണ്. ഇതുതുടർന്നാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. പസിഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തമാകുന്ന വർഷങ്ങളിൽ കാലവർഷക്കാറ്റിന്റെ ശക്തി കുറവാണ്. ഇത്തവണ സംസ്ഥാനത്ത് പെയ്ത മഴയിൽ കൂടുതലും തീരപ്രദേശത്തും ഇടനാട്ടിലുമാണ്. സംസ്ഥാനത്തെ പ്രധാന ഡാമുകളെല്ലാം മലയോരത്താണ്. ഈ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ഇത്തവണ മഴ കുറവായിരുന്നു.

അതേസമയം,വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം എന്ന് ഉത്തരവിൽ പറയുന്നു. വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശനമുള്ളതായി കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിർദേശം. മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Next Story
Share it